ദീപം തെളിയിച്ച് ഒബാമയുടെ ദീപാവലി ആഘോഷം വൈറ്റ് ഹൗസില്‍

deepavali
വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ് ഒബാമ ചരിത്രം തിരുത്തിയത്. തനിക്കു ശേഷം വരുന്നവരും ഭാവിയില്‍ ഈ ദീപാവലി ആഘോഷം തുടരുമെന്ന് പ്രത്യാശിക്കുന്നതായും ഒബാമ പറഞ്ഞു.

ആഘോഷത്തിന്റെ ചിത്രം ഒബാമ വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തു.

‘ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ’ എന്ന് ഒബാമ പോസ്റ്റില്‍ വ്യക്തമാക്കി.

ഒബാമയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒന്നര ലക്ഷം ലൈക്കുകള്‍ ലഭിക്കുകയും 33000ത്തോളം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ദീപാവലി ആഘോഷവേളയില്‍ ഒബാമ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറി. ഇന്ത്യ സന്ദര്‍ശന വേളയില്‍ മുംബൈയില്‍വെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും അമേരിക്കന്‍ പ്രസിഡന്റ് ഓര്‍മ്മിച്ചു.

അതേസമയം 2009ലും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്.