ഓഫീസില്ല ; വി എസും ഭരണപരിഷ്ക്കാര കമ്മീഷനും പെരുവഴിയില്‍

achuthana തിരുവനന്തപുരം : ഭരണപരിഷ്കരണ കമ്മീഷനും അതിന്റെ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും പെരുവഴിയില്‍ എന്ന് വാര്‍ത്തകള്‍. കമ്മീഷന്‍ സ്ഥാനം നല്‍കി മാസങ്ങള്‍ ആയെങ്കിലും ഇതുവരെ കമ്മീഷന്‍ പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയുള്ള ഓഫീസ് സര്‍ക്കാര്‍ അനുവദിച്ചില്ല. സെക്രട്ടേറിയറ്റില്‍ ഓഫീസ് വേണമെന്ന വി.എസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഓഫീസ് അനുവദിക്കുമെന്ന് അറിയിച്ച ഐ.എം.ജിയിലും കമ്മീഷന് ഇതുവരെ സൗകര്യങ്ങള്‍ അനുവദിച്ചില്ല. അതിനിടെ എം.എല്‍.എ ഹോസ്റ്റലിലെ വി.എസിന്റെ മുറി ഇന്നുതന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ ഓഫീസ് വി എസിന് കത്തു നല്‍കി.ഇതോടെ കമ്മീഷന്റെ പ്രവര്‍ത്തനം ഓഫീസ് ഇല്ലാതെ നടത്തേണ്ട സ്ഥിതിയിലായി വി എസും സംഘവും.
സെക്രട്ടേറിയറ്റ് അനക്സില്‍ ഓഫീസ് അനുവദിക്കണമെന്നായിരുന്നു കഴിഞ്ഞ മാസം ചേര്‍ന്ന ഭരണ പരിഷ്കരണ കമ്മീഷന്റെ ആദ്യ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനിയിട്ടില്ല. കമ്മീഷന്‍ അധ്യക്ഷനായ വി.എസിന് എട്ട് സ്റ്റാഫ് അംഗങ്ങളും കമ്മീഷന് 12 സ്റ്റാഫും ഉണ്ടെങ്കിലും ഇവരില്‍ പലരും തങ്ങുന്നത് എം.എല്‍.എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലുള്ള 1ഡി എന്ന മുറിയിലാണ്. നേരത്തെ വി.എസ് അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്ന ഈ മുറി ഉടന്‍ ഒഴിയണമെന്നാണ് സ്പീക്കറുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇ.പി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെ അദ്ദേഹത്തിന് അനുവദിക്കാണ് മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്നാണ് സൂചന. മുറി ഇന്നുതന്നെ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നിലവില്‍ ഒരു ഓഫീസുമില്ലാത്ത സ്ഥിതിയിലാണ് ഭരണ പരിഷ്കരണ കമ്മീഷന്‍.
വി.എസ് അച്യുതാനന്ദന് ഔദ്ദ്യോഗിക വസതിയായി കവടിയാര്‍ ഹൗസ് അനുവദിച്ചിട്ടുണ്ട്. ഓഫീസ് അനുവദിക്കാത്തതിന്റെ പ്രതിഷേധ സൂചകമായി ഭരണ പരിഷ്കരണ കമ്മീഷന്റെ ആദ്യ യോഗം വി.എസിന്റെ ഔദ്ദ്യോഗിക വസതിയിലാണ് വിളിച്ചു ചേര്‍ത്തത്. ഭരണ പരിഷ്കരണ കമ്മീഷനിലേക്ക് സെക്രട്ടേറിയറ്റില്‍ നിന്ന് ഉദ്ദ്യോഗസ്ഥരെ ഡെപ്യുട്ടേഷനില്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ഓഫീസ് ഇല്ലാത്തതിനാല്‍ ഇവരെല്ലാം നേരത്തെ ഉണ്ടായിരുന്ന ഓഫീസുകളില്‍ തന്നെ തുടരുകയാണ്. ഭരണഘടനാ സ്ഥാപനമായി മാറേണ്ട ഭരണപരിഷ്കരണ കമ്മീഷന്‍ ഇതോടെ നോക്കുകുത്തിയായി മാറുന്ന സ്ഥിതിയാണിപ്പോള്‍.