മലപ്പുറം സ്ഫോടനം ; പെന്‍ഡ്രൈവില്‍ മോദിയെ വധിക്കും എന്ന് ഭീഷണി

 1-01-16-30- മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയ പെന്‍ഡ്രൈവില്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി. കൂടാതെ പാര്‍ലമെന്റിന്റേയും ചെങ്കോട്ടയുടേയും ചിത്രങ്ങളും പെന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥലങ്ങളടക്കം രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നും ഭീഷണിയുണ്ട്. സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്‌മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്. പെന്‍ഡ്രൈവ് പരിശോധിച്ചപ്പോള്‍ ആണ് പ്രധാനമന്ത്രിയുടേയും പ്രമുഖ കേന്ദ്രമന്ത്രിമാരുടേയും ചില പ്രധാനസ്ഥലങ്ങളുടേയും ചിത്രങ്ങള്‍ കണ്ടെത്തിയത്.  പെന്‍ഡ്രൈവിൽ പവര്‍പോയിന്റ് ഫയലായാണ് അടിക്കുറിപ്പുകള്‍ സഹിതം ഈ ചിത്രങ്ങളുണ്ടായിരുന്നത് . പ്രധാനമന്ത്രി അടക്കമുള്ളവരുടെ ചിത്രത്തിന് താഴെ ഇംഗ്ലീഷില്‍  ഇവരെ വധിക്കും എന്ന് സന്ദേശം ഉള്ളത്. കൊല്ലം കളക്ട്രേറ്റ്, മൈസൂര്‍ കോടതി, ചിറ്റൂര്‍ കോടതി എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ തങ്ങള്‍ തന്നെയാണെന്ന സന്ദേശവും പെന്‍ഡ്രൈവിലുണ്ട്.  കോടതികളുടെ പക്ഷപാതം, ഭരണകൂട ഭീകരത തുടങ്ങിയവയെക്കുറിച്ചും, ഉത്തര്‍പ്രദേശിലെ ബീഫ് കൊലപാതകത്തെക്കുറിച്ചും പെന്‍ഡ്രൈവില്‍ പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആണ് മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ കോടതിയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായത്.  ഇന്ത്യയിലെ അല്‍ ഖ്വായ്ദയാണ് ദ ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.