ലഡാക്കില്‍ ചൈനയുടെ കടന്നുകയറ്റം ; ഇന്ത്യയുടെ കനാല്‍ നിര്‍മ്മാണം ചൈനീസ് പട്ടാളം തടഞ്ഞു

INDIA ROAD T ഇന്ത്യയുടെ കനാല്‍ നിര്‍മ്മാണം ചൈനീസ് പട്ടാളം അതിര്‍ത്തി കടന്നുവന്ന് തടഞ്ഞു എന്ന് വാര്‍ത്തകള്‍. കഴിഞ്ഞ ദിവസമാണ് ലേയില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യ നിര്‍മിക്കുന്ന കനാല്‍ നിര്‍മാണം ചൈന തടഞ്ഞത്. അരുവിയില്‍ നിന്നും അടുത്തുള്ള ഗ്രാമങ്ങളില്‍ വെള്ളം എത്തിക്കാന്‍ നിര്‍മ്മിച്ച കനാലിന്റെ പണിയാണ് സൈന്യം തടഞ്ഞത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥലത്തെ നിര്‍മാണത്തിനിടെ 55 ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്തി നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍ കൂട്ടി അറിയിക്കണമെന്നുമായിരുന്നു ചൈനീസ് സൈനികരുടെ ആവശ്യം. എന്നാല്‍ സൈനികാവശ്യങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമെ മുന്‍ കൂട്ടി അറിയിക്കേണ്ടതുള്ളുവെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത് പതിവാണെന്നും ഇരു രാജ്യങ്ങളും ഇങ്ങനെ പ്രതികരിക്കാറുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 2014 ലും ഇന്ത്യയുടെ കനാല്‍ നിര്‍മാണം ചൈന എതിര്‍ത്തിരുന്നു. ചൈനീസ് അതിര്‍ത്തിക്കുള്ളിലാണ് കനാല്‍ നിര്‍മാണമെന്നാരോപിച്ചായിരുന്നു ഇത്.