കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച സംഭവം ; പിതാവും സിദ്ധനും അറസ്റ്റില്‍
കോഴിക്കോട് : കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളിലും മുഖ്യ വാര്‍ത്തയായ ഒന്നായിരുന്നു നവജാതശിശുവിന് സ്വന്തം പിതാവ് മുലപ്പാല്‍ നിഷേധിച്ചത്. വാര്‍ത്ത അറിഞ്ഞവര്‍ എല്ലാംതന്നെ പിതാവിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഏതോ സിദ്ധന്റെ നിര്‍ദേശ പ്രകാരമാണ് പിതാവ് സ്വന്തം കുഞ്ഞിനോട് ഇത്തരത്തില്‍ മനുഷ്യത്വമില്ലാതെ പെരുമാറിയത്. എന്നാല്‍ സംഭവത്തില്‍ പിതാവും സിദ്ധനും പോലീസ് പിടിയിലായി എന്നതാണ് ഇപ്പോള്‍ കിട്ടുന്ന വിവരം. കുഞ്ഞിന്‍റെ പിതാവ് അബൂബക്കറിനെയും സിദ്ധൻ മുക്കം കളന്തോട് ഹൈദ്രോസ് അലി തങ്ങളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പിതാവ് ഓമശ്ശേരി സ്വദേശി ചക്കാനകണ്ടി അബൂബക്കര്‍ (32), മാതാവ് ഹഫ്സത്ത് (23) എന്നിവര്‍ക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. പ്രസവം നടന്ന മുക്കം ഇ.എം.എസ് സഹകരണ ആശുപത്രി നഴ്സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് 75, 87 വകുപ്പു പ്രകാരമാണ് കേസടുത്തത് . അതിനിടെ, കുട്ടിയുടെ പിതാവിനെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമീഷന്‍ അധ്യക്ഷ ജില്ലാ പൊലീസ് മേധാവിക്കും മുക്കം പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സിദ്ധന്‍റെ നിർദേശപ്രകാരമാണ് നടപടിയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ അടിയന്തരമായി കേസെടുക്കാന്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്കും മുക്കം പോലീസിനും ബാലാവകാശ കമീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.അന്ധവിശ്വാസത്തിന്റെ പേരിലാണ് മുക്കം ഓമശേരി സ്വദേശിയായ അബുബക്കര്‍ സ്വന്തം കുഞ്ഞിന് ജനിച്ചയുടന്‍ നല്‍കേണ്ട മുലപ്പാല്‍ നല്‍കാന്‍ സമ്മതിക്കാതിരുന്നത്. അഞ്ച് ബാങ്ക് വിളിക്ക് ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന് പിതാവ് ശാഠ്യം പിടിക്കുകകയായിരുന്നു. മുലപ്പാൽ നൽകുന്നതിൽ നിന്ന് കുഞ്ഞിന്‍റെ മാതാവിനെ പിതാവ് ഭീഷണിപ്പെടുത്തി തടയുകയായിരുന്നുവെന്നും പരാതിയുണ്ട്.