നോട്ടുകള്‍ പിന്‍വലിക്കല്‍ ; പ്രവാസികള്‍ ആശങ്കയില്‍

 0140907112316m 1000, 500 രൂപ  നോട്ടുകള്‍  അസാധുവാക്കിയ പ്രഖ്യാപനത്തിനു പിന്നാലെ  പ്രവാസികള്‍ ആശങ്കയില്‍. ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ അടുത്ത ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കണം. അതിനു മുമ്പ് നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ്. അതേസമയം, ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതല്‍ രൂപ ശക്തിപ്പെട്ടു തുടങ്ങിയതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. രൂപയുടെ വിനിമയ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്‍െറ തോത് എത്രയാകുമെന്ന് വരുംദിവസങ്ങളിലേ വ്യക്തമാകൂ. ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളില്‍ രൂപ കൈവശമുള്ളവര്‍ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്ന ആവശ്യമാണ് പ്രവാസലോകത്തുനിന്നുയരുന്നത്. തല്‍ക്കാലം രൂപ വിനിമയം ചെയ്യാന്‍ പ്രവാസികള്‍ക്കാവില്ല. അസാധുവായി പ്രഖ്യാപിച്ച കറന്‍സി ഇവിടെനിന്നും ഇനി മാറാനുമാവില്ല. അതേസമയം, തങ്ങളുടെ പക്കലുള്ള ഇന്ത്യന്‍ കറന്‍സിയുടെ വലിയ ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് ധന വിനിമയ സ്ഥാപനങ്ങള്‍. നാട്ടിലെ തങ്ങളുടെ ആസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് മണി എക്സ്ചേഞ്ചുകള്‍.  അതേസമയം, പുതിയ തീരുമാനംകാരണം ഇനി ഇന്ത്യയിലെ ബാങ്കുകളിൽ ഒരാഴ്ചത്തേക്കെങ്കിലും നോട്ട് മാറ്റൽ പ്രവർത്തനമായിരിക്കും ഏറെയും നടക്കുന്നതെന്നതിനാൽ പ്രവാസികളുടെ പണമിടപാടുകൾ വൈകുമെന്നും സംശയിക്കപ്പെടുന്നു. എന്നാൽ, ഗൾഫ് നാടുകളിലെ മിക്ക സാമ്പത്തികവിദഗ്ധരും ഇത് നല്ല നീക്കമായാണ് നിരീക്ഷിക്കുന്നത്. കള്ളപ്പണത്തിന്റെയും പണത്തിന്റെ അനധികൃത ഇടപാടിന്റെയും തോത് കുറയ്ക്കാൻ പുതിയതീരുമാനംകൊണ്ട് സാധിക്കുമെന്ന് എല്ലാവരും പറയുന്നു.