പിന്‍വലിച്ച നോട്ടുകള്‍ 14 വരെ ഉപയോഗിക്കാം എന്ന് കേന്ദ്രം
1000, 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ നവംബര്‍ 14 വരെ നീട്ടി. അവശ്യ സേവനങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്രം അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകള്‍, കെഎസ്ആര്‍ടിസി ബസുകള്‍, വിമാനത്താവളങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ ഫാര്‍മസി എന്നിവയില്‍ നോട്ടുകള്‍ എടുക്കും. വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനും 1000, 500 നോട്ടുകള്‍ തിങ്കളാഴ്ചവരെ ഉപയോഗിക്കാനാകും. പെട്രോള്‍ പമ്പുകളിലും ഈ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം ദേശീയ പാതകളില്‍ ടോള്‍ ഒഴിവാക്കിയത് നവംബര്‍ 14 വരെ തുടരുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പൊതുജങ്ങൾക്ക് ആവശ്യത്തിനുള്ള പണം ബാങ്കുകളിലുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ബാങ്കുകളുടെ എല്ലാ ബ്രാഞ്ചിലും പുതിയ നോട്ടുകള്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട് എന്നും കേന്ദ്രം അറിയിച്ചു. ഡിസംബർ മുപ്പതുവരെ സമയമുള്ളതിനാൽ പൊതുജനങ്ങൾക്ക് ക്ഷമയുണ്ടാകണമെന്നും റിസർവ് ബാങ്ക് അഭ്യർഥിച്ചു. എന്നാല്‍ ബാങ്കുകളില്‍ നിന്ന് മാറ്റി നല്‍കുന്ന നോട്ടുകളുടെ പരിമിതിയും എടിഎമ്മുകള്‍ പൂര്‍ണ സജ്ജമാകാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീയതി നീട്ടിയത്. അതേസമയം കള്ളപ്പണത്തെ നേരിടാനായി നോട്ടുകൾ പിൻവലിച്ച ശേഷം ഇന്നലെ മാത്രം അമ്പത്തിമൂവായിരം കോടിരൂപയുടെ നിക്ഷേപമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം പുതുതായി രാജ്യത്തെ ശാഖകളിൽ മുപ്പത്തിരണ്ടായിരം കോടിരൂപ നിക്ഷേപിച്ചതായും എസ്ബിഐ അറിയിച്ചു.