എ ടി എമ്മുകളിലെ പണം തീര്‍ന്നു ; കൈയ്യില്‍ കാശില്ലാതെ ജനം നെട്ടോട്ടത്തില്‍

greekatm- കൊച്ചി : എ ടി എമ്മുകള്‍ തുറക്കുമ്പോള്‍ കാശ് എടുക്കാം എന്ന പൊതുജനങ്ങളുടെ ആലോചനകള്‍ക്ക് തിരിച്ചടി. സംസ്ഥാനത്തെ എ ടി എമ്മുകള്‍ എല്ലാം കാലിയായി. ബാങ്കുകൾ നേരിട്ട് പണം നിറക്കുന്ന എ.ടി.എമ്മുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പണം നിറക്കുന്നതിന് പുറം കരാർ നൽകിയിട്ടുള്ള എ.ടി.എമ്മുകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. എ.ടി.എമ്മുകൾ തുറന്നതിനെ തുടർന്ന് രാവിലെ തന്നെ ജനം തുക പിന്‍വലിക്കാന്‍ ബാങ്കുകളിലേക്കും എ.ടി.എമ്മുകളിലേക്കുമെത്തി. എന്നാൽ ഭൂരിഭാഗം പേർക്കും എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ കഴിഞ്ഞില്ല. 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടുദിവസമായി പ്രവര്‍ത്തനം നിലച്ചിരുന്ന എ.ടി.എമ്മുകള്‍ ഇന്നുമുതലാണ് ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങിയത്.

തിരുവനന്തപുരത്ത് രാവിലെ ചില എ.ടി.എമ്മുകള്‍ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും വളരെേവഗം പണം തീർന്നു. പ്രധാന ജംഗ്ഷനുകളിലെ എടിഎം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊച്ചിയിൽ പുതുതലമുറ ബാങ്കുകളുടെ എ.ടി.എമ്മുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് എസ്.ബി.ഐ, എസ്.ബി.ടി ഉൾപ്പെടെ പ്രധാന ബാങ്കുകളുടെ എടിഎമ്മുകളിൽ മിക്കതിലും പണമില്ല. അടഞ്ഞു കിടക്കുന്ന എ.ടി.എമ്മുകൾ ഉച്ചയോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 രൂപ,50 രൂപ നോട്ടുകളുടെ ക്ഷാമവും 2000 രൂപ നോട്ട് എ.ടി.എമ്മിൽ നിറക്കാൻ പ്രത്യേക സോഫ്റ്റ് വെയര്‍ ക്രമീകരണം വേണ്ടിവരുന്നതുമാണ് എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം വൈകിക്കുന്നത്. പണമുള്ള എ.ടി.എമ്മുകളിൽ നിന്ന് നിലവില്‍ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. 2000 രൂപയുടെ നോട്ടുകള്‍ ഇതുവരെ എ ടി എം വഴി ലഭിച്ചു തുടങ്ങിയിട്ടില്ല.