വാട്സ് ആപ്പ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത‍ ; വീഡിയോ കോള്‍ സംവിധാനം ഇന്ത്യയിലും എത്തി

2016%2f11%2f15%2 മത്സരിക്കാന്‍ പലരും ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും രാജാവ് ഫേസ്ബുക്കും , വാട്സ് ആപ്പും തന്നെയാണ്. മൊബൈല്‍ സന്ദേശങ്ങള്‍ അയക്കുന്നതില്‍ എല്ലാവര്ക്കും ഏറ്റവും പ്രിയപ്പെട്ടത് ഇപ്പോഴും വാട്സ് ആപ്പ് തന്നെയാണ്. ഫേസ്ബുക്ക് മെസ്സേജര്‍, ഹൈക്, ടെലിഗ്രാം പോലുള്ള ധാരാളം ആപ്പുകള്‍ നിലവില്‍ ഉണ്ട് എങ്കിലും വാട്സ് ആപ്പ് തന്നെയാണ് ഇപ്പോളും ജനപ്രിയം. എന്നിരുന്നാലും മറ്റു പലര്‍ക്കും ഉള്ളത് പോലെ ചില ഗുണങ്ങള്‍ വാട്സ് ആപ്പിനു കുറവായിരുന്നു. മുഖ്യമായും വീഡിയോ കോള്‍ എന്ന ഒരു ഓപ്ഷന്‍ ഇല്ലാത്തത് കാരണം പലരും ഐ എം ഓ, സ്കൈപ്പ് എന്നിവയെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അതുപോലെ വീഡിയോ കോള്‍ സംവിധാനം ഉടന്‍ തന്നെ വാട്സ് ആപ്പില്‍ എത്തും എന്ന് പറഞ്ഞുകേട്ടിട്ടും കുറച്ചുകാലമായി. എന്നാല്‍ കാത്തിരിപ്പിന് അവസാനമായി എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ പറയുന്നത്. കാത്തിരിപ്പിനൊടുവില്‍ ചാറ്റിംഗ് ആപ്പായ വാട്‌സാപ്പില്‍ വീഡിയോ കോളിംഗ് സംവിധാനം നിലവില്‍ വന്നു. തങ്ങളുട ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയിലാണ് ഇവര്‍ വീഡിയോകോളിംഗ് ആദ്യം അവതരിപ്പിച്ചതെങ്കിലും അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 180-ലേറെ രാഷ്ട്രങ്ങളിലും സംവിധാനം നിലവില്‍ വരും. ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സാപ്പ് കോളിംഗ് ലഭ്യമാണ്. സാധാരണ വാട്‌സപ്പ് കോള്‍ ചെയ്യും പോലെയാണ് വീഡിയോ കോളും ചെയ്യേണ്ടത്. വാട്‌സാപ്പ് കോള്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ വീഡിയോ കോള്‍/ വോയിസ് കോള്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. കോള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഉപഭോക്താവിന് ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറി മാറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. വാട്‌സാപ്പിന്റെ പുതിയ പതിപ്പിലാണ് വീഡിയോ കോളിംഗ് ഉള്ളത്. അതിനാല്‍ നിങ്ങളുടെ വാട്‌സാപ്പ് വേര്‍ഷന്‍ അപ് ടുഡേറ്റ് ആണെന്ന് ഉറപ്പാക്കുക.