ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നു ; പലിശ നിരക്കുകള്‍ കുറയുവാന്‍ സാധ്യത
കൊച്ചി : നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ കുമിഞ്ഞുകൂടുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. കയ്യിലൂള്ള നോട്ടുകള്‍ ബാങ്കുകളില് നിക്ഷേപിക്കാന്‍ ജനങ്ങള്‍ തരിക്കു കൂട്ടുന്നതോടെ ബാങ്കുകളിലേക് കോടികള്‍ ഓരോ ദിവസവും ഒഴുകി എത്തുകയാണ്. കഴിഞ്ഞ 5 ദിവസം കൊണ്ട് എസ്ബിഐയുടേയും അസ്സോസിയേറ്റ് ബാങ്കുകളിലേയും ഒഴുകി എത്തിയത് 92000 കോടി രൂപയാണ്. ഡിസംബര്‍ 30 നകം രാജ്യത്തെ ബാങ്കുകളില്‍ 4 ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്. ഇപ്പോള്‍ ഉള്ളത് പോലെ നിക്ഷേപം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ രാജ്യത്ത് വായ്പ നിക്ഷേപ പലിശ നിരക്കുകള്‍ മൂന്ന് മാസത്തിനകം കുത്തനെ കുറയുമെന്നും നിക്ഷേപ പലിശ നിരക്കും അതോടൊപ്പം വായ്പ പലിശ നിരക്കുകളും ബാങ്കുകള്‍ക്ക് കുറക്കേണ്ടി വരുമെന്നാണ് പ്രമുഖ ബാങ്ക് മേധാവികള്‍ വ്യക്തമാക്കുന്നത്. സാധാരണക്കാരുടെ ഭവന വായ്പകളുടേയും വാഹന വായ്പകളുടേയും പലിശ കുറയും. ഇതോടെ കൂടുതല്‍ ആളുകള്‍ വായ്പ എടുക്കാന്‍ തയ്യാറാകും. ഇത് വാണിജ്യ വ്യവസായ മേഖലക്ക് പുതിയ ഉണര്‍വ്വാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതും നിക്ഷേപം ഉയരാന്‍ കാരണമാകും. ബാങ്കുകളിലെ നിക്ഷേപം വലിയ തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിലവിലുള്ള നിക്ഷേപ പലിശ ബാങ്കുകള്‍ക്ക് നല്‍കാനാകില്ല. നിക്ഷേപ നിരക്കില്‍ കുറവു വരും. മാത്രമല്ല വായ്പ പലിശയും ആനുപാതികമായി കുറക്കേണ്ടി വരും. പലിശ നിരക്ക് ഉടന്‍ കുറയുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. ഒരു മാസത്തിനുള്ളില്‍ പലിശ നിരക്കില്‍ 1 ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്ന് ന്യൂ ഡവലപ്പ്‌മെന്റ് ബാങ്ക് മേധാവി കെവി കാമത്ത് പറഞ്ഞു. കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കണമെന്ന രാജ്യത്തെ വ്യവസായ മേഖലയുടെ ആവശ്യം ഇതോടെ നിറവേറുമെന്നാണ് കരുതുന്നത്.