മുത്തശ്ശനെയും ചെറുമകളെയും പോലും വെറുതെ വിടാതെ മലയാളികള്‍ ; ഞരമ്പ്‌ രോഗികള്‍ക്ക് തക്ക മറുപടിയുമായി യുവതിയും

12494997_102 ഒരാണിനെയും പെണ്ണിനേയും ഒരുമിച്ചുകണ്ടാല്‍ കുരുപൊട്ടുന്ന മലയാളികള്‍ അതിനൊക്കെ കാരണമായി പറയുന്നത് തങ്ങളുടെ സംസ്കാരം അങ്ങനെയല്ല എന്നാണ്. ഇതേ മലയാളി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു പെണ്ണിന്റെ ചിത്രം കണ്ടാല്‍ അത് ലോകം മുഴുവന്‍ പ്രചരിപ്പിക്കുവാന്‍ തയ്യാറാകുന്നതും. ഏതെങ്കിലും പെണ്‍കുട്ടിയുടെ ചിത്രം കിട്ടിയാല്‍ ഇല്ലാകഥകള്‍ കൂട്ടിചേര്‍ത്ത് അവളെ മോശക്കാരിയാക്കി ലോകത്തിനു മുന്‍പില്‍ നാണംകെടുത്താതെ പല മലയാളികളും ഉറങ്ങാറുപോലും ഇല്ല. അത്തരത്തില്‍ ഈ നാണംകേടുതല്‍ കാരണം ജീവിതം അവസാനിപ്പിച്ച പെണ്‍കുട്ടികള്‍ അനവധിയാണ്.അത്തരത്തില്‍ ഇത്തവണ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായത് ഒരു മുത്തശ്ശനും ചെറുമകളുമാണ്. താര നന്ദിക്കര എന്ന പെണ്‍കുട്ടിയാണ് സ്വന്തം മുത്തശ്ശനുമായുള്ള ചിത്രം ദുരുപയോഗം ചെയ്തത് കാരണം ബുദ്ധിമുട്ടിലായത്. മൂന്നരവര്‍ഷം മുന്പ് താര തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്ത ചിത്രമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ആദ്യം ഈ ചിത്രം തമിഴ്‌നാട്ടിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. ഡി എം കെ നേതാവും സ്ഥാനാര്‍ഥിയുമായ അന്‍പഴകന്‍ എന്ന വ്യക്തിക്ക് താരയുടെ മുത്തശ്ശനുമായുണ്ടായിരുന്ന രൂപസാദൃശ്യം മുതലെടുത്തായിരുന്നു അത്. എതിര്‍ സ്ഥാനാര്‍ഥിയെ നാണം കെടുത്താന്‍ പാര്‍ട്ടിക്കാര്‍ ചെയ്തതായിരുന്നു അത്.അതിനെതിരെ പോലീസില്‍ പരാതി നല്‍കി എങ്കിലും കേസ് ഒന്നും ആയില്ല.അതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഉണ്ടായ സംഭവം. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്‌സാപ്പില്‍ കണ്ട് ഗള്‍ഫിലുള്ള ചെറിയ മകന്‍ ഞെട്ടി എന്ന് പറഞ്ഞ് സിനിമാ വാര്‍ത്ത എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ഇപ്പോള്‍ പുറത്തുവന്നത്. തുടര്‍ന്ന്‍ ചിത്രത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം വാട്സ് ആപ്പ് വഴി ചിത്രം പ്രചരിക്കുകയായിരുന്നു. എന്നാല്‍ ഇതൊക്കെ കണ്ട് മറ്റു പെണ്‍കുട്ടികളെ പോലെ വീട്ടിലിരുന്നു കരയാന്‍ താര തയ്യറായില്ല. ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇട്ടവര്‍ക്ക് നല്ല ഭാഷയില്‍ തക്ക മറുപടി നല്‍കിയിരിക്കുകയാണ് താര ഇപ്പോള്‍.തന്റെ ഫേസ്ബുക്ക് വഴി തന്നെയാണ് താര പോസ്റ്റ്‌ ഇട്ടവര്‍ക്ക് മറുപടി നല്‍കിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

sdcdഏകദേശം മൂന്നര വർഷം മുൻപ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്ത എന്റെയും മുത്തശ്ശന്റെയും കൂടിയുള്ള ഫോട്ടോ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ദുരുപയോഗം ചെയ്തതായി അറിഞ്ഞിരുന്നു. രാഷ്ട്രീയക്കാരെ കുറിച്ച്‍ കള്ളവാർത്തകൾ ഉണ്ടാക്കി വിടുന്ന ഏതോ തമിഴ്‍ പേജിലാണ് അത് കണ്ടത്. ഡിഎംകെ നേതാവും സ്ഥാനാർത്ഥിയുമായിരുന്ന അൻപഴകൻ എന്നയാൾക്ക്‌ എൻറെ മുത്തശ്ശനുമായുള്ള മുഖച്ഛായ മുതലെടുത്തായിരുന്നു ആ വാർത്ത. പാർട്ടിക്കാരുടെ പരസ്പരം താറടിച്ചു കാണിക്കാനുള്ള കെട്ടി ചമയ്ക്കൽ വാർത്തകളുടെ സ്ഥിരം ശൈലിയിൽ വന്ന ഒരെണ്ണം. എൻറെ ഭർത്താവിന്റെ തമിഴ്നാട്ടിലുള്ള ഒരു സുഹൃത്താണ് അത് കണ്ടു ഞാനാണെന്ന് മനസിലാക്കി ശ്രദ്ധയിൽ പെടുത്തിയത്. അന്നതിനെതിരെ പോലിസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. അതിന്റെ പിന്നാലെ തൂങ്ങാൻ വയ്യാത്തോണ്ട് ഞാനും അത് വിട്ടു.
എന്നാൽ രണ്ട് ദിവസം മുൻപ് ഇതേ ഫോട്ടോ വ്യാജ അശ്ലീല വാർത്തകൾ മാത്രം പ്രചരിപ്പിക്കുന്ന മറ്റൊരു മലയാളം പേജിൽ ഉപയോഗിച്ചിരിക്കുന്നതായി ചില സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തി. 86 വയസ്സുള്ള കോട്ടയംകാരന്റെയും 24 കാരിയായ മരുമകളുടെയും വീഡിയോ വാട്സാപ്പിൽ കണ്ട് ഗൾഫിലുള്ള ചെറിയ മകൻ ഞെട്ടി (ആഹാ എത്ര മനോഹരം!) എന്നാണ് ‘വാർത്ത’!!! ലിങ്കിൽ ക്ലിക് ചെയ്‌താൽ ഒരു പിണ്ണാക്കും ലോഡാവില്ല! തമ്പ്നെയിലായി മുത്തശ്ശൻ എന്നെ ഉമ്മ വെക്കണ ഫോട്ടോയും! പേജിൽ പോയി നോക്കിയപ്പോൾ അതിലുള്ള എല്ലാ വാർത്തയും ഈ തരം! എല്ലാത്തിനും തമ്പ് നെയിൽ മാത്രം. ലിങ്ക് ഒന്നും പ്രവർത്തിക്കില്ല. 94000 ലൈക് ഉണ്ട് പേജിന്!! ഇക്കണ്ട ആൾക്കാര് മുഴുവൻ ഈ വക വാർത്ത ഫോളോ ചെയ്യുന്നുണ്ടെന്ന് സാരം!
ഇത് പടച്ചു വിട്ടവരോട്:
കുറച്ച് തിരുത്തുണ്ട്. ആ ഫോട്ടോയിൽ കാണുന്നത് എന്റെ മുത്തശ്ശനാണ്, ഭർത്താവിന്റെ അച്ഛനല്ല! മുത്തശ്ശന് 84 വയസ്സായിട്ടേള്ളൂ. രണ്ട് വയസു കൂട്ടി ഇട്ടണ്ടല്ലോ! എനിക്ക് 27 വയസ്സുണ്ട്. 3 വയസ്സ് കുറച്ചിട്ടതിൽ സന്തോഷം! ഞങ്ങൾ കരുവാരകുണ്ടുകാരാണ്, കോട്ടയവുമായി കോട്ടയം കുഞ്ഞച്ചൻ കണ്ട പരിചയം മാത്രേള്ളൂ! പിന്നെ ഈ ‘വാർത്ത’ കണ്ട് ഗൾഫിൽ ഇരുന്നു ഞെട്ടാൻ എന്റെ ഭർത്താവ് ഗൾഫിലുമല്ല, മൂപ്പരെ ഞാൻ അല്ലാണ്ടെ തന്നെ ആവശ്യത്തിന് ഞെട്ടിക്കുന്നുമുണ്ട്.
മാസ്സ് റിപ്പോർട്ട് ചെയ്ത് പോസ്റ്റ് നീക്കം ചെയ്യിച്ചിട്ടുണ്ട്. എങ്കിലും പല പോസ്റ്റുകളും മിനുട്ട് വെച്ച് ഇതിൽ റീഷെയർ ചെയ്തു കണ്ടത് കൊണ്ട് ഇതും അങ്ങനെ ഷെയർ ചെയ്തു പോയിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഇത് തന്നെ ഒരു പണിയായി കൊണ്ട് നടക്കുന്നവരല്ലേ! പേജ് പൂട്ടിക്കാൻ നോക്കീട്ട് സാധിക്കുന്നില്ല. അതിന് സാധിക്കുമെങ്കിൽ താഴെയുള്ള ലിങ്കിൽ പോയി റിപ്പോർട്ട് ചെയ്തു സഹായിക്കുക.
https://www.facebook.com/cinemavarthakerala/
ഇനി, “നീ ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടു കളിച്ചിട്ടല്ലേ ഈ ഗതി വന്നത്? വല്ല പട്ടീടെയോ പൂച്ചടെയോ പൂവിന്റെയോ ത്രിഷടെയോ ഫോട്ടോ ഇട്ടാ മതിയാർന്നില്യേ?’ എന്ന് എന്നോട് ചോദിക്കാൻ ആഗ്രഹിക്കുന്നവരോടും മനസ്സിൽ വിചാരിക്കുന്നവരോടും, എനിക്കിതു കൊണ്ട് ഒരു പുല്ലും ഇല്ല! ഈ ഫോട്ടോയിൽ അശ്ലീലം കാണുന്നവർക്കും ഈ വക പേജുകൾ ഫോളോ ചെയ്ത് അതിലെ വാർത്തയും വിശ്വസിച്ചു സ്വയം ‘ഉദ്ധരിച്ച്’, അത് കഴിഞ്ഞിട്ട് സാമൂഹ്യോദ്ധാരണത്തിന് ഇറങ്ങുന്നവർക്കും നല്ല നടുവിരൽ നമസ്കാരം!
ps: സൈബർ സെല്ലിൽ കേസ് ഫോളോ അപ്പ് ചെയ്യുന്നതായിരിക്കും, വല്യേ പ്രതീക്ഷയൊന്നും ഇല്യാച്ചാലും!!
ഈ ഫോട്ടോ വാട്സാപ്പിൽ വൈറൽ ആണെന്നും കേട്ടു! 84 ആം വയസ്സിൽ ഒരു മേജർ സർജറീം കഴിഞ്ഞു കെടക്കണ എന്റെ മുത്തശ്ശനെ ഈ പ്രായത്തിൽ വാട്സ്ആപ്പിൽ വൈറൽ ആക്കിയവർക്ക് നമോവാകം!