ഇന്ത്യന്‍ സിനിമാ നടിക്ക് നേരെ പാരീസില്‍ വംശീയാക്രമണം

article-doc-i65 മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താരം മല്ലികാ ഷെരാവത്തിന് നേരെയാണ് മുഖം മൂടി ആക്രമണം നടന്നത്. പാരീസിലെ അപ്പാര്‍ട്‌മെന്റിനു പുറത്തു നില്‍ക്കുമ്പോഴാണ് താരത്തിനു നേരെ ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ടിയര്‍ ഗ്യാസ് പ്രയോഗിച്ച ശേഷം മര്‍ദ്ദിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് പുരുഷ സുഹൃത്തിനൊപ്പം മല്ലിക പാരീസിലെ അപ്പാര്‍ട്‌മെന്റിലെത്തിയത്. അക്രമണത്തിനു ശേഷം സംഘം ഓടി രക്ഷപ്പെട്ടു. സംഭവം നടന്ന ഉടന്‍ മല്ലിക പൊലീസിനെ വിവരമറിയിച്ചു. ഫ്രഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിന്റെ ഭാഗമായിരിക്കണം ആക്രമണം നടന്നതെന്നാണ് പാരീസ് പൊലീസിന്റെ നിഗമനം. എന്നാല്‍ കവര്‍ച്ചയല്ല വംശീയപരമായ ആക്രമണമാണ് ഉണ്ടായത് എന്ന് പറയപ്പെടുന്നു. ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് നടിമാരില്‍ ഒരാളായിരുന്ന മല്ലിക്ക ഇപ്പോള്‍ അവസരങ്ങള്‍ കുറഞ്ഞത് കാരണം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഫ്രഞ്ച് പത്രമായ ലെ പാരീസിയനാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.