500 രൂപാ പുതിയ നോട്ടുകള്‍ എ ടി എമ്മുകളില്‍ എത്തിതുടങ്ങി

500x284x500-n തിരുവനന്തപുരം : നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ 500 രൂപാ നോട്ടുകള്‍ എ ടി എമ്മുകളില്‍ എത്തിതുടങ്ങി. പുതിയ നോട്ടുകൾ ഉൾക്കൊള്ളാവുന്ന തരത്തിൽ പുന:ക്രമീകരിച്ച എ.ടി.എമ്മുകൾ വഴി മാത്രമാണ് 500 രൂപയുടെ വിതരണം. ഇതോടെ, പഴയ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾക്ക് അയവു വന്നേക്കും. 150 കോടി രൂപയുടെ 500 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് മേഖലാ കേന്ദ്രത്തിലെത്തിയത്. ബാങ്കുകൾ വഴി 500 നോട്ടുകൾ ഉടൻ വിതരണം ചെയ്യേണ്ടതില്ലെന്നാണ് റിസർവ് ബാങ്ക് നിർദേശം. സംസ്ഥാനത്തെ ഇടപാടുകള്‍ക്കാവശ്യമായ പണം ബാങ്കിലുണ്ടെന്നും ഇനി നോട്ട് ക്ഷാമം ഉണ്ടാവില്ലെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. പഴയ നോട്ടുകൾക്ക് പകരമെത്തിച്ച 2000 രൂപയുടെ നോട്ടുകളാണ് മിക്ക എ.ടി.എമ്മുകളിലും ലഭിക്കുന്നത്. ഇതുമൂലം ചില്ലറയില്ലാതെ ജനങ്ങൾ ദുരിതത്തിലാണ്.  അതേസമയം, അതത് ബാങ്കുകളുടെ ചെസ്റ്റ് ബ്രാഞ്ചുകളില്‍ സമാഹരിച്ചിട്ടുള്ള അസാധു നോട്ടുകള്‍ ഈമാസം 23 ന് മുമ്പ് റിസര്‍വ് ബാങ്കിലത്തെിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഒരോ ചെസ്റ്റ് ബ്രാഞ്ചും 130 കോടി രൂപയുടെ അസാധുനോട്ടെങ്കിലും എത്തിക്കണമെന്നാണ് നിര്‍ദേശമെന്നാണ് വിവരം. ഇതിന് ആനുപാതികമായ അളവില്‍ പുതിയ നോട്ടുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.