ഒരു കുരങ്ങന്‍ കാരണം രണ്ടു ഗ്രാമങ്ങള്‍ നശിച്ചു ; 20 മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമായി

monkey3dട്രിപ്പോളി : തെക്കന്‍ ലിബിയയിലെ സബഹയിലാണ് ഒരു കുരങ്ങന്‍ കാരണം ഇത്രയേറെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. കുരങ്ങന്‍ കാണിച്ച കുസൃതി രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലാണ് അവസാനിച്ചത്. അവ്‌ലദ് സുലൈമാന്‍ വിഭാഗക്കാരും ഗുദ്ദാദ്ഫ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. കുരങ്ങന്‍ മറ്റൊരു ഗോത്രത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഗുദ്ദാദ്ഫ ഗോത്രക്കാരനായ ആളുടെ വളര്‍ത്തു കുരങ്ങന്‍ വഴിയിലൂടെ കടന്നു പോവുകയായിരുന്ന അവ്‌ലദ് സുലൈമാന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും പെണ്‍കുട്ടിയെ ആക്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ അവ്‌ലദ് സുലൈമാന്‍ വിഭാഗക്കാര്‍ കുരങ്ങനെയും ഗുദ്ദാദ്ഫ വിഭാഗക്കാരായ മൂന്നു പേരെയും വധിച്ചു.
ഇതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ടാങ്ക്, റോക്കറ്റ് എന്നിവ ഉപയോഗിച്ച് ഗോത്രക്കാര്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിലാണ് 20 പേര്‍ കൊല്ലപ്പെട്ടത്. പുറത്താക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ഗോത്രമാണ് ഗുദ്ദാദ്ഫ ഗോത്രം. ഇരു വിഭാഗക്കാരും തമ്മില്‍ പാരമ്പര്യമായി വിരോധം നിലനിന്നിരുന്നു. കുരങ്ങനെ ചൊല്ലി ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 50 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ സ്ത്രീകളും കുട്ടികളും വിദേശികളും ഉള്‍പ്പെടുന്നു.