കാശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മൃതദേഹം വികൃതമാക്കി

41907-lpqcrwfxkp-1 കശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മാച്ചല്‍ സെക്ടറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഇതില്‍ ഒരു സൈനികന്‍റെ മൃതദേഹം വികൃതമാക്കിയതായി സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്റ് അറിയിച്ചു. സംഭവത്തില്‍ തിരിച്ചടി ശക്തമായിരിക്കുമെന്നും സൈന്യം പ്രതികരിച്ചിട്ടുണ്ട്.ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഇത്തരമൊരു നടപടി.ഇന്ന് രാവിലെ ബന്ദിപുര സെക്ടറില്‍ രണ്ട് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. രാജ്യത്ത് അധികം പ്രചാരത്തിലെത്താത്ത 2000 രൂപാ നോട്ടുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തയായും സൈന്യം അറിയിച്ചു. ഇതിന് ശേഷമാണ് തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചത്. ഇന്നലെ പാകിസ്ഥാന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ബി.എസ്.എഫ് ഹെഡ്കോണ്‍സ്റ്റബ്ള്‍ മരിക്കുകയും അഞ്ച് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മാച്ചല്‍ സെക്ടറില്‍ ഇന്ന് വൈകുന്നേരം മൂന്നര മുതല്‍ പാക് സൈന്യം വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയിരുന്നുവെന്നും തീവ്രവാദികളെ സഹായിക്കാനായിരുന്നു ഇതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു