സഹകരണബാങ്കുകള്‍ക്ക് കേന്ദ്രം പണികൊടുത്തത് മനപ്പൂര്‍വ്വം
നോട്ടുനിരോധനം കാരണം ഏറ്റവും കൂടുതല്‍ പണി കിട്ടിയത് കേരളത്തിലെ സഹകരണബാങ്കുകള്‍ക്കാണ്. എന്നാല്‍ സഹകരണബാങ്കുകള്‍ക്ക് കടിഞ്ഞാണിടുവാന്‍ കേന്ദ്രസര്‍ക്കാര്‍ മനപ്പൂര്‍വമാന് പിന്‍വലിച്ച നോട്ടുകള്‍ മാറ്റി നല്‍കുന്നതില്‍ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കാനുള്ള തീരുമാനം എടുത്ത് എന്ന് വ്യക്തമായി. റിസര്‍വ് ബാങ്ക് നിഷ്കര്‍ശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് ഒഴിവാക്കിയത് ബോധപൂര്‍വ്വം തന്നെയാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളെ പണം മാറ്റി നല്‍കിയതില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ല. വ്യക്തികളെക്കാള്‍ സ്ഥാപങ്ങളാണ് ഇത്തരം ബാങ്കുകളെ ആശ്രയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള പ്രായോഗിക പരിജ്ഞാനം സഹകരണ ബാങ്കുകള്‍ക്കില്ല. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സാങ്കേതിക സൗകര്യങ്ങളും പ്രൊഫഷണലിസവും ഇവിടെ താരതമ്യേന കുറവാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ റിസര്‍വ് നേരിട്ട് മേല്‍നോട്ടം വഹിക്കാറില്ല. ആര്‍.ബി.ഐ റെഗുലേഷനില്‍ ഉണ്ടെങ്കിലും ഇവ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം മറ്റ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമെല്ലാം ഉണ്ടെന്നും സഹകരണ ബാങ്കുകളൊന്നും കെ.വൈ.സി കര്‍ശനമായി നടപ്പാക്കുന്നില്ലെന്നും സര്‍ക്കാറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ സഹകരണ ബാങ്കുകളിലെ പ്രതിസന്ധി അതീവ ഗുരുതരമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും ഇത് പരിഹരിക്കാനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കണമെന്നും ഇതുസംബന്ധിച്ച് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ കേന്ദ്രത്തോട് നിർദ്ദേശിച്ചു.