ബള്‍ഗേറിയയില്‍ നിന്നും കേരളത്തില്‍ 59 കോടിയുടെ കള്ളപ്പണം എത്തി ; സംഭവം കൊച്ചിയില്‍
കൊച്ചി : കൊച്ചിയിലെ കയറ്റുമതി വ്യവസായിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് കോടികളുടെ കളളപ്പണം എത്തിയതായി സംശയം. വ്യാജ സണ്‍ ഫ്ളവര്‍ ഓയില്‍ കയറ്റുമതിയുടെ മറവില്‍ നടന്ന ഇടപാടിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും കസ്റ്റംസും സംസ്ഥാന പൊലീസും അന്വേഷണം തുടങ്ങി. എറണാകുളം സ്വദേശിയുടെ പേരിലാണ് കോടികള്‍ എത്തിയതെങ്കിലും ഇടപാടിന് പിന്നില്‍ വമ്പന്‍ സ്രാവുകളെന്നാണ് സംശയം. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് എത്തിയ 59 കോടിയാണ് സംശയത്തിന്റെ നിഴലിലുള്ളത്. ബള്‍ഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയുടെ പേരിലാണ് മൂന്നുമാസം മുമ്പ് കൊച്ചിയിലേക്ക് 55 കോടി രൂപ എത്തിയത്. എളമക്കര സ്വദേശി ജോസ് ജോര്‍ജിന് പണമെത്തിയത് ഹാര്‍ബറിലെ എസ് ബി ഐ യുടെ ഓവര്‍സീസ് ബ്രാഞ്ചിലാണ്. ഇതില്‍ 29.5 കോടി രൂപ 15 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചു. ഈ തുകയെത്തിയത് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ്. പക്ഷേ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ ചില സംശയങ്ങളാണ് കളളപ്പണ ഇടപാടിന്റ സൂചന നല്‍കിയത്. പണമെത്തിയതിന് പിന്നാലെയുണ്ടായ അസാധാരണ ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണോ എന്ന സംശയമുണര്‍ത്തുകയായിരുന്നു. തുടര്‍ന്ന്‍
പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ബാങ്ക് അധികൃതര്‍ ജോസ് ജോര്‍ജിനോട് ആവശ്യപ്പെട്ടു. ട്രേഡ് ഇന്റര്‍നാഷണല്‍ എന്ന തന്റെ കന്പനി ബള്‍ഗേറിയയിലേക്ക് സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റുമതി ചെയ്തതിന്റെ പ്രതിഫലമെന്നായിരുന്നു ഇയാളുടെ മറുപടി. കയറ്റുമതി രേഖകളും ഹാജരാക്കി. ഈ രേഖകള്‍ ബാങ്ക് അധികൃതര്‍ കൊച്ചി കസ്റ്റംസിന് നല്‍കി. പക്ഷേ ഇത്തരമൊരു കയറ്റിമതി നടന്നിട്ടേയില്ലെന്ന് കസ്റ്റംസിന്റെ തുടര്‍ അന്വേഷണത്തില്‍ വ്യക്തമായി.
ജോസ് ജോര്‍ജ് സമര്‍പ്പിച്ച കയറ്റുമതി രേഖകള്‍ വ്യാജമാണ്. അതായത് ഇല്ലാത്ത കയറ്റുമതിയുടെ പേരിലാണ് 55 കോടി രൂപ ബള്‍ഗേറിയയില്‍ നിന്ന് കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കസ്റ്റംസ് അറിയിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം തുടങ്ങി. ഒടുവില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പരാതിയില്‍ ജോസ് ജോര്‍ജിനെ പ്രതിയാക്കി കൊച്ചി പൊലീസ് കേസെടുത്തു.അന്വേഷണത്തിന്റെ ഭാഗമായി ബള്‍ഗേറിയന്‍ കമ്പനിയായ ‘സ്വസ്ത ഡി’യുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ അന്വേഷണവുമായി സഹകരിച്ചില്ല. മാത്രമല്ല കയറ്റുമതിയുടെ പേരില്‍ പണം നഷ്ടമായെന്ന് പരാതി നല്‍കാനും ഇവര്‍ വിസമ്മതിച്ചു. അതേസമയം കയറ്റുമതിയ്ക്കുള്ള തുക തന്നെയാണ് അക്കൗണ്ടിലേക്ക് എത്തിയതെന്നും അന്വേഷണ ഏജന്‍സികള്‍ തന്നോട് പകതീര്‍ക്കുകയാണെന്നും ജോസ് പറയുന്നു.