കല്ലറയ്ക്കുള്ളില്‍ യേശുവിനെ കിടത്തിയിരുന്ന ശില ഗവേഷകര്‍ കണ്ടെത്തി

250505-pgയേശുക്രിസ്തുവിന്‍റെ കല്ലറയില്‍ ഗവേഷണം നടത്തുന്ന സംഘം ക്രിസ്തുവിന്‍റെ ശരീരം കിടത്തിയിരുന്ന ശില കണ്ടെത്തി. കുരിശുരൂപം കൊത്തിയ മാര്‍ബിള്‍ ഫലകവും ഗവേഷകര്‍ കല്ലറയ്ക്കുള്ളില്‍ നിന്നും കണ്ടെത്തി. പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്നതാണ് ഈ കുരിശ് രൂപം. അതേസമയം കല്ലറയ്ക്കുള്ളില്‍ നിന്നും മൃതശരീരത്തിന്റേതായി അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. റോമന്‍ ചക്രവര്‍ത്തി കൊണ്‍സ്റ്റന്റയിന്റെ അമ്മയായ ഹെലിന എഡി 326ലാണ് യേശുവിന്റെതെന്നു കരുതുന്ന ഈ കല്ലറ കണ്ടെത്തിയത്. തുടര്‍ന്ന്‍ യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശിലയ്ക്ക് മുകളില്‍ മാര്‍ബിള്‍ ആവരണം തീര്‍ത്ത് ഇവര്‍ സംരക്ഷണം ഒരുക്കി. ഈ മാര്‍ബിള്‍ ഫലകം മാറ്റി യേശുവിന്റെ മൃതദേഹം കിടത്തിയതെന്നു കരുതുന്ന ശില കണ്ടെത്തുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ജറുസലേമിലെ പുരാതന നഗരത്തിലാണ് കല്ലറ സ്ഥിതിചെയ്യുന്ന പള്ളിയുള്ളത്. ക്രൂശിക്കപ്പെട്ട ശേഷം ക്രിസ്തുവിനെ സംസ്‌കരിച്ചുവെന്ന് കരുതപ്പെടുന്ന കല്ലറയാണ് തുറന്നുപരിശോധിക്കുന്നത്.