വര്‍ദ്ധ ചുഴലിക്കാറ്റ് ; തമിഴ്നാട്, ആന്ധ്ര തീരങ്ങളില്‍ ജാഗ്രത ; ചെന്നൈ വിമാനത്താവളം അടച്ചു

rain-sto ചെന്നൈയിൽ കനത്ത കാറ്റും മഴയും. ചെന്നൈ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള എല്ലാ സർവീസുകളും നിർത്തി വെച്ചിട്ടുണ്ട്. സബർബൺ ട്രെയിൻ സർവീസും നിർത്തി വെച്ചു. ചെന്നൈ വിഴുപുരത്ത് വീടുകൾ തകർന്നാതായി റിപ്പോർട്ടുണ്ട്. റോഡുകളിൽ വൻമരങ്ങൾ കടപുഴകി വീണതിനാൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയി. ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശും. തീരത്തോടടുക്കുമ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗമുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാദ ചുഴലിക്കാറ്റിന് ശേഷം കൂടുതല്‍ ശക്തിയാര്‍ജിച്ച വര്‍ദ്ധ ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ് തമിഴ്നാട്, ആന്ധ്രാ തീരങ്ങള്‍. ശക്തമായ ചുഴലിക്കാറ്റുകളുടെ ഗണത്തില്‍ പെടുത്തിയ വര്‍ദ്ധ ഇപ്പോള്‍ മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തിലാണ് തീരത്തോടടുക്കുന്നത്. കണക്കുകൂട്ടലനുസരിച്ച് ഇന്ന് ഉച്ചയോടെ വര്‍ദ്ധ ചെന്നൈയ്‌ക്കും നെല്ലൂരിനുമിടയിലുള്ള പ്രദേശങ്ങളില്‍ തീരം തൊടുമെന്നാണ് കരുതപ്പെടുന്നത്. വര്‍ദ്ധയുടെ പ്രഭാവത്താല്‍ തമിഴ്നാടിന്റഎ തീരപ്രദേശങ്ങളിലും ആന്ധ്രയിലെ നെല്ലൂര്‍, പ്രകാശം എന്നിവിടങ്ങളിലും ഇന്ന് വൈകിട്ട് മുതല്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ആന്ധ്രയില്‍ വീശിയടിയ്‌ക്കുമെന്ന് കരുതപ്പെട്ടിരുന്ന വര്‍ദ്ധ ചുഴലിക്കാറ്റ് വടക്കുനിന്നുള്ള ശക്തമായ കാറ്റിനെത്തുടര്‍ന്നാണ് ദിശ മാറി ചെന്നൈ തീരത്തിനടുത്തെത്തിയത്. ചുഴലിക്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വിളുപുരം എന്നീ തീരദേശജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മീന്‍പിടിത്തക്കാരോട് കടലില്‍ പോകരുതെന്നും, തീരദേശ മേഖലകളിലുള്ളവര്‍ അറിയിപ്പ് ലഭിച്ചാല്‍ ഉടന്‍ പുനരധിവാസ കേന്ദ്രങ്ങളിലേയ്‌ക്ക് പോകാന്‍ തയ്യാറായി ഇരിക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.