ഐ എസ് എല്‍ ഫൈനല്‍ ടിക്കറ്റുകള്‍ 2000 രൂപ നിരക്കില്‍ കരിഞ്ചന്തയില്‍ ലഭ്യം

കൊച്ചി : കേരളാ ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടേ കേരളത്തിന്‌ തന്നെ ഉത്സവമായി മാറിയിരിക്കുകയാണ് ഞായറാഴ്ച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന  ഐ സി എല്‍ ഫൈനല്‍. അവസാനം ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കളിയുടെ ടിക്കറ്റ് എല്ലാം വിറ്റ് തീര്‍ന്നു എന്നാണ്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന അവസാനിച്ചു കഴിഞ്ഞു. ബുക്ക് മൈ ഷോ എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴിയും സ്റ്റേഡിയം ബോക്‌സ് വഴിയുമുള്ള ടിക്കറ്റ് വില്‍പനയാണ് അവസാനിച്ചത്.  ഡല്‍ഹിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ കടന്നതോടെ കൂട്ടമായി ആളുകള്‍ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ ആയതോടെ എല്ലാം വിറ്റ് തീരുകയും ചെയ്തു. പിന്നീട് സ്റ്റേഡിയം വഴിയുള്ള വില്‍പനയായിരുന്നു. ഇന്ന് ഉച്ചയോടെ അതും അവസാനിച്ചു. ഗാലറിക്കുള്ള 300 രൂപയുടെ  ടിക്കറ്റായിരുന്നു സ്റ്റേഡിയം ബോക്‌സ് വഴി വിറ്റിരുന്നത്. എന്നാല്‍ ഈ 300 രൂപ ടിക്കറ്റ് രണ്ടായിരം രൂപവരെ കൂട്ടി കൊച്ചിയില്‍ കരിഞ്ചന്തയില്‍ ലഭ്യമാണ് എന്ന് വാര്‍ത്തകള്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ടിക്കറ്റുകള്‍ ലഭ്യമാകുന്നതിന് മുന്‍പ് തന്നെ ഇവ കരിഞ്ചന്തക്കാരുടെ കൈകളില്‍ എത്തുകയായിരുന്നു. കളികാണാന്‍  ദൂരെ ദേശങ്ങളില്‍ നിന്ന് വരുന്നവരാണ് ഇവരുടെ ലക്‌ഷ്യം. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ് എന്നിവ വഴി ഡല്‍ഹിയും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള സെമിഫൈനലിനായുള്ള ടിക്കറ്റുകള്‍ വിറ്റിരുന്നു. എന്നാല്‍ ഫൈനലിനുള്ള ടിക്കറ്റ് ഇങ്ങനെ ലഭിക്കുകയില്ല. ഇതാണ് സാധാരണക്കാര്‍ക്ക് പാരയായത്.