ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ നടിയും ഭര്‍ത്താവും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം :   ഫ്ലാറ്റ് തട്ടിപ്പ് കേസില്‍ പ്രമുഖ നടി ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും  പോലീസ് കസ്റ്റഡിയിൽ. ധന്യ മേരി വര്‍ഗീസും  ഭര്‍ത്താവും സിനിമാ താരവുമായ   ജോണുമാണ്  പിടിയിലായത്.  നാഗര്‍കോവിലില്‍നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 10 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തെന്ന കേസിലാണ് പിടിയിലായത്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ  പേരിലാണ് കേസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ധന്യ മേരി വര്‍ഗ്ഗീസ്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.  കമ്പനിയില്‍ ഫ്‌ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ധന്യ മേരി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നതായി  കണ്ടെത്തിയിട്ടുണ്ട്. ജേക്കബ് സാംസനെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന്‍ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് എൺപതോളം പേരില്‍നിന്നായി 10 കോടിയോളം രൂപ വാങ്ങിയെന്നായിരുന്നു  കേസ്. 2014ല്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന വാഗ്ദാനം.