പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗദ്ദിക നാടന്‍കലാമേളയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഒളകര കോളനിയില്‍നിന്നുളള പി.കെ. രതീഷ്, മുതലമടയില്‍നിന്നുള്ള വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് ഒരു കാരണവും ഇല്ലാതെ അറസ്റ്റുചെയ്തത്. തങ്ങളുടെ കോളനികളിലെ വിവിധ ആവശ്യങ്ങള്‍ കാണിച്ച് നിവേദനം നല്‍കുന്നതിനായാണ് രതീഷും രാജുവും മണികണ്ഠനുമെത്തിയത്. കടപ്പാറയില്‍ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞു മുഖ്യമന്ത്രിയെ കാണുവാന്‍ നിന്ന ഇവരെ പോലീസ് ബലമായി സ്ഥലത്ത് നിന്നും നീക്കുകയും. പരസ്യമായി ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിക്കുകയുമായിരുന്നു. തുടര്‍ന്ന്‍ ഇവരെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും ആദിവാസികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ പോലീസ് കണ്ടെടുത്തിരുന്നു ഇതു പരിപാടി സ്ഥലത്ത് വിതരണംചെയ്യുമോ എന്ന ഭയവും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുവാന്‍ സാധ്യതയുണ്ട് എന്ന രഹസ്യവിവരത്തിനെയും തുടര്‍ന്നാണ് ഇവരെ അറസ്റ്റ്ചെയ്തു നീക്കിയത് എന്നാണു പോലീസ് പറയുന്നത്. അവസാനം ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം രാത്രി ഒമ്പതുമണിയോടെയാണ് പിടികൂടിയവരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചത്. ആദിവാസികളുള്‍പ്പെടുന്ന പട്ടികവര്‍ഗവിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമായി നടത്തുന്ന മേളയാണ് ഗദ്ദിക കലാമേള.