കള്ളപ്പണം വെളുപ്പിക്കുന്ന മാഫിയ കേരളത്തിലും ; കൊച്ചിയില്‍ ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ പിടികൂടി

കൊച്ചി :  അസാധുവായ  പഴയ നോട്ടുകള്‍ക്ക് പകരം  പുതിയത്  നല്‍കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം കേരളത്തിലും സജീവം.ഇത്തരത്തില്‍  നോട്ടുകള്‍ മാറ്റിനല്‍കുന്ന സംഘത്തില്‍ നിന്ന് 37.5 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വകുപ്പ് അന്വേഷണ സംഘം പിടിച്ചെടുത്തു. കൊച്ചിയില്‍ അറസ്റ്റിലായ അഞ്ചംഗസംഘത്തില്‍ രണ്ട് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളുമാണുള്ളത്. ഇടപ്പള്ളിയില്‍ വെച്ച് നോട്ട് കൈമാറാനെന്ന വ്യാജേനെ ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ സമീപിക്കുകയായിരുന്നു. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് അഞ്ഞൂറ്  രൂപയുടെ ഒരു കെട്ട് നോട്ട് കൈമാറുകയും പകരം പുതിയ നോട്ടുകള്‍ വാങ്ങുകയും ചെയ്തു. കേരളത്തില്‍ പല ഇടങ്ങളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ആദ്യമായാണ് അറസ്റ്റ് ഉണ്ടാകുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വലയിലാകും എന്നാണു വിവരം.