മെക്സിക്കയില്‍ പടക്കമാര്‍ക്കറ്റില്‍ സ്ഫോടനം ; 30 മരണം (വീഡിയോ)

മെക്സികോ സിറ്റി :  മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ  30 പേര്‍ മരിച്ചു. 70 പേർ പരിക്കേറ്റു. മെക്സിക്കൻ സിറ്റിയിൽ നിന്ന് 32 കിലോമീറ്റർ അകലെ തുലെപ്ക്കിലെ സാൻ പാബ്ലിറ്റോ പടക്കവിൽപന കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്.സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  മരണപ്പെട്ടവരുടെ പ്രാഥമിക കണക്കുകളാണ് ലഭിച്ചിട്ടുള്ളതെന്ന് തുലെപ്ക് എമർജൻസി സർവീസ് മേധാവി ഇസിദ്രോ സാൻഞ്ചസ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതും പുക ഉയരുന്നതും കണ്ട ആളുകൾ ഭയചകിതരാവുകയും കടകളിൽ നിന്ന് ഇറങ്ങി ഒാടുകയും ചെയ്തു. അപകടത്തിൽ നിരവധി കടകൾ കത്തി നശിക്കുകയും കെട്ടിടങ്ങൾക്ക് വിള്ളൽ വീഴുകയും ചെയ്തു. മെക്സിക്കോയിലെ പ്രശസ്തമായ പടക്കവിൽപന മാർക്കറ്റാണ് സാൻ പാബ്ലിറ്റോയിലേത്. പരസ്യമായും രഹസ്യമായും നിരവധി പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. കരിമരുന്ന് പ്രയോഗത്തിനായി ഒരാൾക്ക് 10 കിലോഗ്രാം വെടിമരുന്ന് ഉപയോഗിക്കാനാണ് മെക്സികോ ഡിഫൻസ് സെക്രട്ടറിയേറ്റ് അനുവാദം നൽകിയിട്ടുള്ളത്. ക്രിസ്തുമസും പുതുവര്‍ഷവും പ്രമാണിച്ച് നല്ല തിരക്കായിരുന്നു മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നത്.