ക്രിസ്തുവിനെ അപമാനിച്ചുകൊണ്ട് അശ്ലീല പോസ്റ്ററുകള്‍ ; മഹാരാജാസിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി :  ക്രിസ്തുവിനെ അപമാനിക്കുന്ന രീതിയില്‍ കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ. മതവിദ്വേഷം വളർത്തുന്ന രീതിയിൽ പോസ്റ്ററൊട്ടിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് എന്ന് അറിയുന്നു. പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.മതസ്പര്‍ദ്ധ വളര്‍ത്തുന്ന ചുവരെഴുത്ത് നടത്തിയതിന്റെ പേരിലാണ് കേസ് കൊടുത്തതെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍. എല്‍ ബീന വ്യക്തമാക്കി. ക്രിസ്തുവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചുവരെഴുത്തുകളെന്നും ഇവ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുറത്തു പറയാന്‍  കഴിയാത്തത്ര അശ്ലീലമാണ് ഇവയിലുള്ളതെന്നും ബീന കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിത എഴുതി പോസ്റ്ററൊട്ടിച്ചതിനാണ് വിദ്യാർഥികൾ അറസ്റ്റിലായത് എന്നാണ് ആദ്യം ആരോപണം ഉയര്‍ന്നത്.അതിനെ ന്യായീകരിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുമുണ്ട്. അതേസമയം, ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.  ചുവരെഴുതിയതിന്റെ പേരിലല്ല, പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നും ചെയര്‍മാന്‍ പറയുന്നു. അതേസമയം പ്രതികളാക്കി പിടിച്ച കുട്ടികളല്ല പോസ്റ്റര്‍ പതിച്ചതെന്നും നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.