നോട്ടുനിരോധനത്തിനെ എതിര്‍ത്ത് ഫോബ്സ് മാഗസീന്‍ ; മോദി പൊതുജനത്തിനെ കൊള്ളയടിക്കുന്നു എന്ന് ആക്ഷേപം

ന്യൂയോര്‍ക്ക് : പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് വലിയ ക്ഷതമേല്‍പ്പിക്കുമെന്നും സാധാരണക്കാരന്റെ ജീവിതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത് എന്നും മാസിക വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ നടപടി ദീര്‍ഘവീക്ഷണം ഇല്ലാത്തത് ആണെന്നും നിര്‍ധനരായ ഒരു ജനതയെ കൂടുതല്‍ അസമത്വത്തിലേക്കെത്തിക്കുവാനെ നടപടി കൊണ്ട് സാധ്യമാകു എന്നും മാസിക ആരോപിക്കുന്നു. അതുപോലെ നോട്ട് നിരോധനത്തെ എഴുപതുകളില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണത്തോടും 1975-77ലെ അടിയന്തരാവസ്ഥയോടുമാണ് ഫോബ്സ് ഉപമിക്കുന്നത്. ഏകീകൃത നികുതിയാണ് നികുതി വെട്ടിപ്പിനുള്ള പരിഹാര മാര്‍ഗം. നികുതി കുറച്ചാല്‍ രാജ്യത്ത് വ്യവസായം വളരും. സര്‍ക്കാര്‍ എന്തൊക്കെ ചെയ്താലും തട്ടിപ്പ് കാണിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ കണ്ടെത്തും. കൂടാതെ നോട്ട് നിരോധിച്ചതു കൊണ്ട് മാത്രം തീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ല എന്നും മാസിക പറയുന്നു. ലോകത്തിനുള്ള ഭീതിതമായ ഉദാഹരണമാണ് മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനമെന്നും ഫോബ്സ് കുറ്റപ്പെടുത്തുന്നു. മാര്‍ക്കറ്റ് സ്വതന്ത്രമാകുകയാണെങ്കില്‍ ഡിജിറ്റിലൈസേഷന്‍ താനെ സംഭവിക്കുമെന്നും അതിന് നോട്ട് നിരോധനം ആവശ്യമില്ലെന്നും മാസിക ചൂണ്ടിക്കാട്ടുന്നുണ്ട്. ലക്ഷക്കണക്കിന് സാധാരണക്കാര്‍ മണിക്കൂറുകളോളമാണ് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വരി നില്‍ക്കുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്ത് രാജ്യത്ത് നിലവിലുണ്ടായിരുന്ന കറന്‍സിയുടെ 85 ശതമാനം പിന്‍വലിച്ചിട്ട് ബദല്‍ സംവിധാനമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു ജനാധിപത്യ രാജ്യത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നത് ഞെട്ടല്‍ ഉളവാക്കുന്നതായും മാസിക പറയുന്നു.