അസാധുനോട്ടുകള്‍ കൈവശം വെച്ചാല്‍ പിഴ ശിക്ഷ ; കൈമാറ്റം ചെയ്യുന്നതും കുറ്റകരം

ന്യൂഡൽഹി : പഴയ 500,1000 രൂപാ നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരം എന്ന് വാര്‍ത്തകള്‍. വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക ഒാർഡിനൻസ് പുറപ്പെടുവിക്കും. അസാധു നോട്ടുകൾ കൈവശം വെക്കുന്നവരിൽ നിന്നും ഇടപാട് നടത്തുന്നവരിൽ നിന്നും പിടിക്കപ്പെട്ടാൽ 50,000 രൂപ കുറഞ്ഞ പിഴ ഈടാക്കും. പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടി അല്ലെങ്കിൽ 50,000 രൂപയോ പിഴ ചുമത്താനാണ് കേന്ദ്ര നീക്കം. ഇതിൽ ഏതാണോ കൂടുതൽ ആ തുകയായിരിക്കും പിഴ നൽകേണ്ടത്. അസാധു നോട്ടുകളായ 500, 1000 കൈയ്യിൽ വെക്കാവുന്നതിന്‍റെ എണ്ണം 10 ആയി പരിമിതപ്പെടുത്താനാണ് കേന്ദ്ര സർക്കാറിന്‍റെ നീക്കം. ഡിസംബർ 30ന് ശേഷവും അസാധു നോട്ടുകൾ സ്വീകരിക്കാൻ റിസർവ് ബാങ്ക് പ്രത്യേക സംവിധാനമുണ്ടാകും. അസാധു നോട്ടുകൾ സ്വീകരിക്കുന്ന അവസാന തീയതി സംബന്ധിച്ചും സർക്കാർ തീരുമാനം എടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത്തരം കേസുകള്‍ മുന്‍സിപ്പല്‍ മജിസ്‌ട്രേമാര്‍ക്ക്‌ ശിക്ഷ വിധിക്കാന്‍ അധികാരമുണ്ടാകും. നോട്ടു നിരോധനത്തിനു പിന്നാലെ 15.44 ലക്ഷം കോടി രുപയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഇതുവരെ 13 ലക്ഷം കോടിയോളം രൂപ തിരികെ എത്തിയെന്നാണ് കണക്കുകള്‍.