കര്‍ണ്ണാടകയില്‍ മൂന്ന് ലോറി നിറയെ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചു ; ഒഴിവായത് വന്‍ദുരന്തം

കര്‍ണാടകയിലെ ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണിയിലാണ്   3 ട്രക്കുകളിലായി നിറച്ച 900 ത്തിലധികം ഗ്യാസ് സിലിണ്ടറുകള്‍ തീപിടിച്ച് പൊട്ടിത്തെറിച്ചത്. തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. അര്‍ധരാത്രി ഒരു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ശബ്ദം കേട്ട് ഗ്രാമവാസികള്‍ ഞെട്ടിയുണര്‍ന്നു. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആളുകള്‍ പരിഭ്രാന്തരായി.  ബാറ്ററിയിലെ ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.    ഗ്യാസ് കുറ്റികള്‍ നിറച്ച ലോറികള്‍ നിര്‍ത്തിയിട്ട് ഉറങ്ങാന്‍ പോയതായിരുന്നു ഡ്രൈവര്‍മാര്‍. അതുകൊണ്ട് തന്നെ ആളപമായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്ര ഭീകരമായ സ്‌ഫോടനം ആളുകള്‍ അടുത്തുള്ളപ്പോഴോ മറ്റോ ആയിരുന്നു നടന്നതെങ്കില്‍ സംഭവിക്കാവുന്ന അപകടം ഓര്‍ത്ത് നടുങ്ങുകയാണ് നാട്ടുകാര്‍. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അഗ്നിശമന യൂണിറ്റ് തീപടരുന്നത് തടഞ്ഞതു വന്‍ദുരന്തം തടയുവാന്‍ കാരണമായി.