സിനിമയെ വെല്ലുന്ന തരത്തില്‍ 16 കാരന്‍ മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി ; കേസ് വഴിതിരിച്ചു വിടാനും ശ്രമിച്ചു
സിനിമാകഥകളെ വെല്ലുന്ന തരത്തില്‍ കൊലപാതകം നടത്തി പോലീസിനെ വട്ടം കറക്കിയ പ്രതിയുടെ പ്രായം പതിനാറ്. സംഭവം നടക്കുന്നത് മുംബൈയിലാണ്. മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് മുഖ്യ പ്രതിയെ പിടികൂടിയ സമയമാണ് ഈ ചെറു പ്രായത്തില്‍ത്തന്നെ ഇത്രമാത്രം ക്രിമിനല്‍ ബുദ്ധി പ്രതിക്ക് ഉള്ളത് കണ്ടു പോലീസ് പോലും ഞെട്ടിയത്. കൊലപാതകം കഴിഞ്ഞു മകളെ വിട്ടുകിട്ടുവാന്‍ കുട്ടിയുടെ അച്ഛനെ വിളിച്ച് ഒരു കോടി രൂപ മോചനദ്രവ്യവ്യും പ്രതി ആവശ്യപ്പെട്ടു.തുടര്‍ന്ന്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയും സഹായിയും കുടുങ്ങുകയായിരുന്നു.
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ :
കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ശര്‍വത്വാല കെട്ടിടസമുച്ചയത്തിലെ ഫ്‌ളാറ്റിലാണ് താമസം. ഫ്‌ളാറ്റിന്റെ എതിര്‍വശത്തെ ഫ്‌ളാറ്റിലാണ് മുഖ്യപ്രതിയായ പതിനാറുകാരന്‍ താമസിക്കുന്നത്. തന്റെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ പതിനാറുകാരന്‍ ക്ലോറോഫോം ഉപയോഗിച്ച് മയക്കി കിടത്തി. ഓവര്‍ ഡോസ് ആയതുകാരണം പെണ്‍കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം ഒലിക്കുവാന്‍ തുടങ്ങി. ഇതോടെ പ്രതി പരിഭ്രാന്തിയിലായി, ഇതേസമയം തന്നെ മാതാവ് പെണ്‍കുട്ടിയെ അന്വേഷിച്ച് ഫ്‌ളാറ്റിലെത്തിയതോടെ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കുട്ടിയെ കഴുത്തുഞെരിച്ചു കൊലപെടുത്തുകയും തശരീരം പ്ലാസ്റ്റിക് കവറിലാക്കി ഫ്‌ളാറ്റ് കെട്ടിടത്തിനു മുകളില്‍ വീട്ടില്‍ നിന്ന് 30 അടിമാത്രം ദൂരമുള്ള വാട്ടര്‍ ടാങ്കിന് സമീപം കൊണ്ടു പോയി ഇടുകയും ചെയ്തു. തുടര്‍ന്ന്‍ കുട്ടിയെ കാണുവാനില്ല എന്ന പേരില്‍ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ഡിസംബര്‍ അഞ്ചാം തീയതി മുതല്‍ പോലീസ് കേസ് അന്വേഷിച്ചു തുടങ്ങുകയും ചെയ്തു. അതേസമയം കേസ് വഴിതിരിച്ചു വിടാന്‍ പ്രതി തന്നെ ഫ്ലാറ്റിലുള്ള മറ്റു പലരെയും സംശയം ഉണ്ട് എന്ന് പോലീസിനോട് പറഞ്ഞു. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഡിസംബര്‍ 19ാം തിയ്യതി കുട്ടിയെ വിട്ടുതരണമെങ്കില്‍ മോചനദ്രവ്യമായി ഒരു കോടി നല്‍കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവിന് തുടരെ ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി.
വ്യത്യസ്ത നമ്പറുകളില്‍ നിന്നായി 24 കോളുകള്‍ ഇദ്ദേഹത്തിന് ലഭിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വന്നപ്പോള്‍ അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരം 28 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. പ്രതികള്‍ പണവുമായി തനിച്ച് മുംബൈ സി.എസ്.ടി സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ ട്രെയിന്‍ കല്‍വയിലെത്തിയപ്പോള്‍ പണം അടങ്ങിയ പെട്ടി ട്രാക്കില്‍ ഇടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ കാണാതെ പെട്ടി ഉപേക്ഷിക്കില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഇതോടെ പ്രതിയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരനും ഫോണ്‍ കട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്നു എങ്കിലും ഇരുവരും രക്ഷപ്പെട്ടു. തുടര്‍ന്ന് ഫ്‌ളാറ്റിലെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതി സുഹൃത്തിനയച്ച സന്ദേശം കണ്ടെത്തുകയയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.അതേസമയം പ്രതികള്‍ക്ക് പുറമേ നിന്നും സഹായം ലഭിച്ചിരിക്കണം എന്നാണ് പോലീസ് പറയുന്നത്. ഒന്നിലേറെ നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നതും പ്രതിക്ക് ക്ലോറോഫോം ലഭിച്ചതും എല്ലാം അത്തരം സംശയങ്ങളെ ബാലപ്പെടുത്തുകയാണ്.