കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ട് നിന്ന ബാങ്ക് മാനേജര്‍ അറസ്റ്റില്‍
ന്യൂഡൽഹി : കള്ളപ്പണം സൂക്ഷിച്ചു വെച്ചിരിക്കുന്നവര്‍ക്ക് അത് വെളുപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്നത് ബാങ്കുകള്‍ ആണ് എന്നുള്ളതിന് ഒരു തെളിവ് കൂടി. കള്ളപ്പണം മാറ്റി നൽകാൻ സഹായിച്ച കൊടക് മഹീന്ദ്ര ബാങ്ക് മാനേജർ അറസ്റ്റിലായി. ന്യൂഡൽഹി കെ.ജി മാർഗ് ബ്രാഞ്ച് മാനേജരെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊൽക്കത്ത ആസ്ഥാനമായ ബിസിനസുകാരൻ പരസ് മാൾ ലോധ, ഡൽഹി ആസ്ഥാനമായ അഭിഭാഷകൻ രോഹിത് ടൻഡൻ എന്നിവരെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രമേശ് ചന്ദ്, രാജ് കുമാർ എന്നീ പേരുകളിലെ ഒമ്പത് വ്യാജ അക്കൗണ്ടുകളിലായി 34 കോടി രൂപയുടെ കള്ളനോട്ടുകൾ ഇരുവരും ചേർന്ന് മാറ്റിയെടുത്തിരുന്നു. പുതിയ 500, 2000 നോട്ടുകളായാണ് പണം മാറ്റിയെടുത്തത്. ഇവരെ സഹായിച്ചത് കൊടക് മഹീന്ദ്ര ബാങ്ക് മാനേജർ ആയിരുന്നുവെന്ന് എൻഫോഴ്സ്മെന്‍റ് കണ്ടെത്തിയിരുന്നു. എന്നാൽ, വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന ആരോപണം നിഷേധിച്ച കൊടക് മഹീന്ദ്ര ബാങ്ക് അധികൃതർ, അന്വേഷണ ഏജൻസിയോട് പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. നേരത്തെ ആര്‍ ബി ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ട് നിന്നതിനു പിടിയിലായിരുന്നു.