പുതിയ നോട്ടുകളുടെ അച്ചടി നിലയ്ക്കുന്നു ; അധികസമയം ജോലി ചെയ്യാന്‍ വയ്യ എന്ന് തൊഴിലാളികള്‍

കൊല്‍ക്കത്ത : പുതിയ നോട്ടുകളുടെ അച്ചടി മുടങ്ങുന്നു. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് പശ്ചിമബംഗാളിലെ സാൽബനി കറൻസി പ്രിന്റിംഗ് പ്രസിലെ ജീവനക്കാർ അധികസമയം ജോലി ചെയ്യുന്നത് അവസാനിപ്പിച്ചു. ഇതോടെ അന്‍പത് ദിവസത്തിനകം നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം തീരുമെന്നും രാജ്യം കുതിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാഗ്ദാനം വെറും വാക്കായി മാറുമെന്നു വ്യക്തമായി. ജീവനക്കാരുടെ ഈ തീരുമാനമുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല. ഇതോടെ ദിവസം 60 ലക്ഷം നോട്ടുകളുടെ അച്ചടിയാണ് മുടങ്ങുക. കഴിഞ്ഞ രണ്ടാഴ്ചയായി 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഇവിടുത്തെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. തുടര്‍ച്ചയായ ജോലിഭാരം കാരണം പലര്‍ക്കും പുറം വേദന, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നുവെന്നും ഇതേത്തുടര്‍ന്നാണ് അധിക സമയം ജോലി ചെയ്യേണ്ടതില്ലായെന്ന് തീരുമാനിച്ചതെന്നും ജീവനക്കാരുടെ പ്രതിനിധികൾ അറിയിച്ചു. നോട്ട് നിരോധനത്തിന് ശേഷം 12 മണിക്കൂറുള്ള രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് ഈ പ്രസ്സിലെ ജീവനക്കാര്‍ ജോലി ചെയ്തിരുന്നത്. അധിക സമയം ജോലി ചെയ്ത് ദിവസം 4.60 കോടി പുതിയ നോട്ടുകളാണ് ദിവസത്തില്‍ ഇവിടെ അച്ചടിച്ചിരുന്നത്. അധിക ജോലി സംബന്ധിച്ച് മാനേജ്‌മെന്റുമായി ഡിസംബര്‍ 14 മുതല്‍ രണ്ടാഴ്ചത്തെ കരാറാണ് ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഈ കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ഇനി അധിക സമയ ജോലി നടക്കില്ലെന്നും ജീവനക്കാര്‍ പറയുന്നു. അതേസമയം ഇനിയും അധികസമയം ജോലി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിക്കരുത് എന്നാണു ജീവനക്കാര്‍ പറയുന്നത്.