കുടുംബങ്ങളുടെ ആഘോഷവുമായി ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ക്രിസ്മസ് നവവത്സരാഘോഷം


വിയന്ന: ഒരുമയുടെ പെരുമയുമായി ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) ആദ്യ കുടുംബ സംഗമവും, ക്രിസ്മസ് നവവത്സരാഘോഷവും സംഘടിപ്പിച്ചു. പങ്കാളിത്തം കൊണ്ടും, മികവുറ്റ പരിപാടികള്‍ അവതരിപ്പിച്ചും ശ്രദ്ധേയമായ സംഗമത്തില്‍ കുട്ടികളും മുതിര്‍ന്നവരുമായി 135ഓളം പേര്‍ പങ്കു ചേര്‍ന്നു.

ഓസ്ട്രിയയിലെ ഗ്രീന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം ഡോ. വോള്‍ഫ്ഗാങ് സിംഗ്ല്‍, ഓസ്ട്രിയയിലെ ഇന്ത്യന്‍ മിഷന്റെ ചീഫ് ഡോ. സുഹേല്‍ അജാസ് ഖാന്‍, മാധ്യമ പ്രവര്‍ത്തകനായ ഫാ. ഡൊമിനിക് എസ്.വി.ഡി എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. അതിഥികളെ സംഘടനയുടെ പ്രതിനിധികള്‍ പൊന്നാട അണിയിച്ചു ആദരിച്ചു. തുടര്‍ന്ന് സംഘടനയുടെ ഭാരവാഹികളും, അതിഥികളും സംയുകതമായി ഭദ്രദീപം തെളിച്ചു ചടങ്ങുകള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ബീന തുപ്പത്തിയുടെ ധ്യാന വിചിന്തനത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ ഡബ്‌ള്യു.എം.എഫ് ഓസ്ട്രിയ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലയില്‍ സ്വാഗതം ആശംസിച്ചു. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും വരുന്നവര്‍ ഒരുമിച്ചു ജീവിക്കേണ്ടതിന്റെയും, വിയന്ന പോലെയുള്ള നഗരങ്ങളില്‍ സ്വന്തം സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, രാജ്യത്തിന്റെ ഉദ്ഗ്രഥനത്തില്‍ പങ്കാളികള്‍ ആകേണ്ടതിന്റെ ആവശ്യകതെയെയും ഊന്നിപറഞ്ഞു പാര്‍ലമെന്റംഗം ഡോ. വോള്‍ഫ്ഗാങ് സിംഗ്ല്‍ മുഖ്യ പ്രഭാഷണം നടത്തി. മലയാളികളുടെ സംഘടനാപാടവത്തെ അഭിനന്ദിച്ചു ഇന്ത്യന്‍ മിഷനില്‍ നിന്നുള്ള ഡോ. അജാസ് ഖാന്‍ പ്രസംഗിക്കുകയും, ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നുള്ള സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

മാധ്യമ പ്രവര്‍ത്തകനായ ഫാ. ഡൊമിനിക് എസ്.വി.ഡി ക്രിസ്മസ് പുതുവര്‍ഷ സന്ദേശം നല്‍കി. സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ഡബ്‌ള്യു.എം.എഫിന്റെ ചരിത്രവും, ഉദ്ദേശ്യലക്ഷ്യങ്ങളും, ചുരുങ്ങിയ സമയം കൊണ്ട് നാല്‍പതു രാജ്യങ്ങളില്‍ പ്രൊവിന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതും വിശദികരിച്ചു. അതേസമയം യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ രൂപീകരിച്ചുമായി ബന്ധപ്പെട്ടു വര്‍ഗീസ് പഞ്ഞിക്കാരന്‍ (യൂറോപ്പ് കോര്‍ഡിനേറ്റര്‍) ലഘുവിവരണം നല്‍കി.

ഷിബിന്‍ കിഴക്കേടത്ത്, റോഷന്‍ ജോര്‍ജ് എന്നീ കുട്ടികളുടെ സംഗീതം സദസിന്റെ മനം കവര്‍ന്നു. മുതിര്‍ന്നവരില്‍ നിന്നും ജോസഫ് തട്ടാങ്ങാട്ട്, ബ്രിട്ടോ അടിച്ചിയില്‍, ജെഫിന്‍ കീക്കാട്ടില്‍ എന്നിവരുടെ ഗാനങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു. വര്‍ഷ പള്ളികുന്നേല്‍, നയന മേലഴകത്ത് താര പുത്തന്‍പുരയ്ക്കല്‍, റിയ, ലിയ തെക്കുംമല എന്നീ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ സിനിമാറ്റിക് ഡാന്‍സ് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. ഇന്ററാക്ടിവ് ഗാനങ്ങളുമായി സദസിനെ ചടുലമാക്കിയ മനോജ് ചെവ്വൂക്കാരന്റെ സാന്നിധ്യം പരിപാടിയിലെ വേറിട്ട ഇനമായിരുന്നു. ആദ്ദേഹം തന്നെ നടത്തിയ ക്വിസ് പരിപാടിയും ഏറെ രസകരമായി.

ഡബ്‌ള്യു.എം.എഫ് സംഗമത്തില്‍ വനിതകളുടെയും, യുവജനങ്ങളുടെയും പ്രത്യേക ഫോറങ്ങള്‍ രൂപികരിച്ചു. ബീന വെളിയത്ത് (പ്രസിഡന്റ്), അല്‍ഫോന്‍സ ചെവ്വൂക്കാരന്‍ (വൈസ് പ്രസിഡന്റ്), നീന ഇയത്തുകളത്തില്‍ (സെക്രട്ടറി), ജാന്‍സി മേലഴകത്ത് (ജോയിന്റ് സെക്രട്ടറി), വെറോണിക്ക സോജി (ട്രെഷറര്‍), കൊച്ചിത്രേസ്യ മണിയഞ്ചിറ (ചാരിറ്റി കണ്‍വീനര്‍) എന്നിവര്‍ വനിതാ ഫോറം പ്രതിനിധികളായും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അഞ്ചുപേരെയും, യൂത്ത് ഫോറം പ്രസിഡന്റായി ജെഫിന്‍ കീക്കാട്ടിലും, മറ്റു പതിമൂന്ന് പേരെയും യുവജനങ്ങളുടെ പ്രതിനിധികളായും യോഗം തിരഞ്ഞെടുത്തു.

ആര്‍ട്‌സ് ക്ലബ് സെക്രട്ടറി ബേബി തുപ്പത്തി ചടങ്ങുകളുടെ മുഖ്യ അവതാരകനായിരുന്നു. സഞ്ജീവന്‍ ആണ്ടിവീട്, ടോമിച്ചന്‍ പാരുകണ്ണില്‍, തോമസ് കാരയ്ക്കാട്ട്, അബ്ദുള്‍ അസീസ്, ജേക്കബ് കീക്കാട്ടില്‍, അവറാച്ചന്‍ കരിപ്പക്കാട്ടില്‍, പോളി കിഴക്കേക്കര, റജി മേലഴകത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സാബു ചക്കാലയ്ക്കല്‍ നന്ദി അറിയിച്ചു.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. ഓസ്ട്രിയയില്‍ നിന്നുള്ള 150ല്‍ പരം കുടുംബങ്ങള്‍ ഇതിനോടകം ഡബ്‌ള്യു.എം.എഫ് ഓസ്ട്രിയ പ്രോവിന്‌സിന്റെ ഭാഗമായി. കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.