കാര്‍ഡ് ഇടപാടുകളില്‍ സര്‍വീസ് ചാര്‍ജ് മയം ; ജനങ്ങളെ പറഞ്ഞു പറ്റിച്ച് സര്‍ക്കാരും ബാങ്കുകളും
കൊച്ചി : ജനങ്ങള്‍ പണം ഉപയോഗിക്കുന്നത് നിര്‍ത്തണം എന്നും എല്ലാ സേവനങ്ങളും കാര്‍ഡുകള്‍ മുഖേന ആക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞത് കേട്ട് കൈയിലുള്ള നോട്ടെല്ലാം ബാങ്ക് അക്കൗണ്ടിലിട്ട് കാര്‍ഡ് വഴി ഇടപാട് നടത്താന്‍ ശ്രമിക്കുന്നവര്‍ എല്ലാം ഇപ്പോള്‍ മുട്ടന്‍ പണി കിട്ടിയ അവസ്ഥയിലാണ്. കാര്‍ഡുവഴിയുള്ള ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഈടാക്കില്ലെന്നും പണരഹിത ഇടപാടുവഴി ഇന്ധനം നിറക്കുന്നതിന് പ്രത്യേക ആനുകൂല്യം നല്‍കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ പാഴ്വാക്കാക്കി അക്കൌണ്ട് ബാലന്‍സ് നോക്കുവാന്‍ വേണ്ടി കാര്‍ഡ് ഉപയോഗിച്ചാല്‍ പോലും സര്‍വിസ് ചാര്‍ജ് എടുക്കുന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. നോട്ടു നിരോധനം നടപ്പിലായ നവംബര്‍ എട്ടിനുമുമ്പ് മറ്റ് പണച്ചെലവില്ലാതെ നടന്ന കാര്യങ്ങള്‍ക്ക് ഇപ്പോള്‍ അധികതുക മുടക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്ക് ഉള്ളത്.
എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് നിരക്ക് ഈടാക്കുമെന്ന ബാങ്ക് അറിയിപ്പുകളും ഇടപാടുകാര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊന്നിലേക്ക് തുക മാറ്റുന്നതിന് ബാങ്കുകള്‍ നിശ്ചിത തുക സേവനച്ചെലവായി ഈടാക്കുന്നുമുണ്ട്. എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരക്ക് ഇടപാടുകാരെ കൊള്ളയടിക്കുന്നതിന് തുല്യമായി. എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിച്ചതോടെ അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിരിക്കുന്ന 24,000 രൂപ കൈയില്‍ കിട്ടണമെങ്കില്‍ ആറുദിവസം എ.ടി.എമ്മില്‍ പോകണം. അല്ളെങ്കില്‍ ബാങ്കില്‍ പോയി വരിനില്‍ക്കണം. ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നതിനുള്ള സര്‍വിസ് ചാര്‍ജ് എടുത്തുകളയുന്നതായി ഡിസംബര്‍ എട്ടിന് പ്രഖ്യാപനമുണ്ടായിരുന്നു. ഇങ്ങനെ ഇന്ധനം നിറച്ചാല്‍ നൂറുരൂപക്ക് 75 പൈസ നിരക്കില്‍ പ്രത്യേക ആനുകൂല്യമായി നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇങ്ങനെ ഇന്ധനമടിച്ചവര്‍ക്ക് ആനുകൂല്യം കിട്ടിയില്ളെന്ന് മാത്രമല്ല, 2.5 ശതമാനവും അതിലധികവും സര്‍വിസ് ചാര്‍ജ് നല്‍കേണ്ടിവരുകയും ചെയ്തു. പ്രത്യേക മാനദണ്ഡമൊന്നുമില്ലാതെയാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത്.
ഒരേ കാര്‍ഡ് ഉപയോഗിച്ച് എറണാകുളത്തെ അടുത്തടുത്ത പെട്രോള്‍ പമ്പുകളില്‍നിന്ന് 500 രൂപക്കുവീതം പെട്രോള്‍ അടിച്ചപ്പോള്‍ ഒരു പമ്പില്‍ 14.38 രൂപയും മറ്റൊരു പമ്പില്‍ 12.50 രൂപയും അധികം ഈടാക്കി. വിവിധ ബാങ്കുകളില്‍ വായ്പയുള്ളവര്‍ ഒരു ബാങ്കില്‍നിന്ന് വായ്പയുള്ള ബാങ്കിലേക്ക് തുക മാറ്റുമ്പോഴും സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. 10,000 രൂപക്ക് മൂന്ന് രൂപ, അഞ്ചുരൂപ എന്നിങ്ങനെ പല നിരക്കിലാണ് ഈടാക്കുന്നത്. നേരത്തേ ഒരു എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ച് വായ്പയുള്ള ബാങ്കിന്‍െറ കാഷ് ഡെപ്പോസിറ്റ് മെഷിന്‍ വഴി നിക്ഷേപിച്ച് അധികച്ചെലവില്ലാതെ നടത്തിവന്ന ഇടപാടുകളായിരുന്നു ഇത്.എസ്.ബി.ഐയുടെ മുന്നറിയിപ്പ് അനുസരിച്ച്, മെട്രോ നഗരങ്ങളിലുള്ളവര്‍ മാസത്തില്‍ മൂന്ന് പ്രാവശ്യത്തിലധികവും മെട്രോയിതര നഗരങ്ങളിലുള്ളവര്‍ അഞ്ച് പ്രാവശ്യത്തിലധികവും എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചാല്‍ സര്‍വിസ് ചാര്‍ജ് ഈടാക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ഒരുമാസത്തെ ശമ്പളം പിന്‍വലിക്കുമ്പോഴേക്ക് നൂറ് രൂപയിലധികം സര്‍വിസ് ചാര്‍ജ് നല്‍കേണ്ടിവരും. പല ബാങ്കുകളും നിശ്ചിത എണ്ണത്തില്‍ കവിയുന്ന ഓരോ ഇടപാടിനും 15-20 രൂപ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.