നോട്ടു നിരോധനം ; രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയെന്നു രാഷ്ട്രപതി

ന്യൂഡല്‍ഹി  :  നോട്ട് അസാധുവാക്കൽ നടപടി കാരണം രാജ്യത്ത്  താൽക്കാലികമായി  സാമ്പത്തിക  മാന്ദ്യം ഉണ്ടാകുമെന്ന്  രാഷ്ട്രപതി പ്രണബ് മുഖർജി. 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയ നടപടിയെക്കുറിച്ച് രാഷ്ട്രപതിയുടെ ആദ്യ പ്രതികരണമാണിത്. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും  നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.   നോട്ട് അസാധുവാക്കൽ നടപടി കള്ളപ്പണവും അഴിമതിയും നിർവീര്യമാക്കുന്നതാണ്. എന്നാൽ ഇതിനായി രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുത്. ജനത്തിന്‍റെ ദുരിതം ഒഴിവാക്കാൻ അതീവ ശ്രദ്ധയുണ്ടാവണം. രാജ്യത്തിന് ദീര്‍ഘകാല നേട്ടമുണ്ടാകാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30 ന് അവസാനിച്ചിരുന്നു. നവംബർ എട്ടിനാണ് രാജ്യത്ത് 1000, 500 നോട്ടുകൾ അസാധുവാക്കിയത്. ഇത് കൂടാതെ ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം നോട്ട് അസാധുവാക്കല്‍ നടപടിമൂലം എത്രത്തോളം കള്ളപ്പണം കണ്ടെത്താന്‍ കഴിഞ്ഞുവെന്നോ എത്രത്തോളം പഴയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയെന്നോ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്കോ കേന്ദ്രസര്‍ക്കാരോ തയ്യാറായിട്ടില്ല.