ബംഗ്ലൂരില്‍ നടന്ന പീഡനം വ്യാജം എന്ന് പോലീസ് ; സംഭവം യുവതിയും കാമുകനും നടത്തിയ നാടകം

ബംഗളൂരു : പുതുവത്സരം മുതല്‍ ബംഗലൂരുവില്‍ നിന്നും സ്ത്രീകള്‍ക്ക് എതിരെയുള്ള മൂന്ന് പീഡന വാര്‍ത്തകള്‍ ആണ് പുറത്തുവന്നത്.ഒന്ന് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകളെ കൂട്ടമായി ശല്യം ചെയ്തതും അത് കഴിഞ്ഞു രാത്രി ഓഫീസില്‍നിന്നും വീട്ടിലേയ്ക്ക് വരുകയായിരുന്ന യുവതിയെ പിറകെ ബൈക്കില്‍ വന്ന യുവാക്കള്‍ പരസ്യമായി അപമാനിച്ചതും അവസാനമായി കെ ജി ഹള്ളിയില്‍ യുവാവ് മുസ്ലീം യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമാണ്‌ ആ വാര്‍ത്തകള്‍. എന്നാല്‍ കെ.ജി ഹള്ളി അതിക്രമം വ്യാജമാണ് എന്ന് പോലീസ് കണ്ടെത്തി. കാമുകനെ വിവാഹം കഴിക്കുവാന്‍ യുവതിയും കാമുകനും കൂടി നടത്തിയ നാടകമായിരുന്നു ആ പീഡനം എന്നാണു ഇപ്പോള്‍ വെളിവായിരിക്കുന്നത്. സഹോദരിയുടെ ഭര്‍ത്താവുമായി യുവതിക്ക് ഉണ്ടായിരുന്ന പ്രണയമാണ് ഇത്തരത്തില്‍ ഒരു നാടകം കളിക്കുവാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

സഹോദരിയുടെ ഭര്‍ത്താവായ ഇര്‍ഷാദ് ഖാനുമായി (34) യുവതി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. ഇതോടെ ബന്ധുക്കളുടെ എതിര്‍പ്പുകളില്ലാതെ തങ്ങളുടെ വിവാഹം നടക്കുന്നതിനുവേണ്ടിയാണ് വ്യാജതിരക്കഥ തയാറാക്കിയതെന്ന് യുവതിയും ഇര്‍ഷാദ് ഖാനും പൊലീസിനോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 6.30ന് ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ യുവാവ് കടന്നുപിടിച്ചെന്ന് ആരോപിച്ചാണ് യുവതി നേരത്തെ പൊലീസില്‍ പരാതി നല്‍കിയത്. തടയാന്‍ ശ്രമിക്കുന്നതിനിടെ കൈക്കും കാലിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയും തേടി. അക്രമി യുവതിയെ പിന്തുടര്‍ന്നുപോകുന്നതിന്‍െറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പുതുവത്സരാഘോഷത്തിനിടെ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ യുവതികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായതിനു പിന്നാലെ മറ്റൊരു യുവതികൂടി ആക്രമിക്കപ്പെട്ടത് പൊലീസിനെയും സര്‍ക്കാറിനെയും സമ്മര്‍ദത്തിലാക്കുകയും ചെയ്തു. സഹോദരി ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ സഹതാപം പിടിച്ചുപ്പറ്റലായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് പോലീസ് പറയുന്നു.

ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയെ സമൂഹത്തിലെ ആരും വിവാഹം കഴിക്കാന്‍ തയ്യാറാകില്ലെന്നും ഇതോടെ കാര്യമായ എതിര്‍പ്പുകളില്ലാതെ ഇരുവരുടെയും വിവാഹം നടത്താമെന്നുമായിരുന്നു പദ്ധതി. ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി രണ്ടാംവിവാഹത്തിന് സമ്മതം വാങ്ങുന്നത് എളുപ്പമാകുമെന്നും ഇരുവരും കണക്കുകൂട്ടി. ഇര്‍ഷാദിനോടൊപ്പമാണ് യുവതി പൊലീസില്‍ പരാതി നല്‍കാനത്തെിയത്. സി.സി.ടി.വി ദൃശ്യങ്ങളിലെ യുവാവും ഇര്‍ഷാദും നടക്കുന്ന രീതികളില്‍ സമാനത തോന്നിയ പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവരുന്നത്. യുവതി മൊഴികള്‍ മാറ്റിപ്പറഞ്ഞതും ഫോണ്‍ റെക്കോഡുകള്‍ പരിശോധിച്ചതും കേസില്‍ നിര്‍ണായകമായി. അതേസമയം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമ്മനഹള്ളിയില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവമാണ് ഇവര്‍ക്ക് ഇത്തരത്തിലൊരു നാടകം തയാറാക്കുന്നതിന് പ്രേരണയായത് എന്നും ഇരുവരും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.