ആഫ്രിക്കന്‍ വന്‍കരയില്‍ സാന്നിദ്ധ്യമറിയിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍: ടാന്‍സാനിയയില്‍ പുതിയ പ്രൊവിന്‍സിന് തുടക്കമായി


ദാര്‍ എസ് സലാം: ആഫ്രിക്കന്‍ വന്‍കരയുടെ കിഴക്കു തീരത്തുള്ള രാജ്യമായ ടാന്‍സാനിയയില്‍ (യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാന്‍സാനിയ) വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്‌ള്യു.എം.എഫ്) പ്രൊവിന്‍സ് നിലവില്‍ വന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ആഫ്രിക്കയില്‍ ക്യാമ്പ് ചെയ്യുന്ന സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേലാണ് പുതിയ പ്രൊവിന്‍സിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയത്.

സിനോഷ് സേവ്യര്‍ (പ്രസിഡന്റ്), വിനയന്‍ ബെനഡിക്ട് (വൈസ് പ്രസിഡന്റ്), സോജന്‍ ജോസഫ് (സെക്രട്ടറി) ജോസ് തോമസ് (ജോയിന്റ് സെക്രട്ടറി), ഷബീര്‍ കെ.പി (ട്രെഷറര്‍), ഹരികുമാര്‍ നായര്‍ (ചാരിറ്റി കണ്‍വീനര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ഷാനി മൊയ്തു, റോഷന്‍ ചാക്കോ, വിനോദ് ചന്ദ്രന്‍ എ.പി, ഷിബു കുറുപ്പ്, പോള്‍ തോമസ്, സ്മിത ഷിബു എന്നിവരെയും നിയമിച്ചു.

മറാട്ട ക്ലബില്‍ കൂടിയ സമ്മേളനത്തില്‍ സിനോഷ് സേവിയര്‍ സ്വാഗതം ആശംസിച്ചു. ഭദ്രദീപം തെളിച്ച് ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ പുതിയ പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മലയാളി അസോസിയേഷനായ കലാമണ്ഢലത്തിന്റെ സെക്രട്ടറി വിനയന്‍ ബെനഡിക്ട്, ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സോജന്‍ ജോസഫ് നന്ദി അറിയിച്ചു.

ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഡബ്‌ള്യു.എം.എഫ് ആഫ്രിക്കന്‍ യുണിയനിലെ വിവിധ രാജ്യങ്ങളിലുള്ള മലയാളികളെ ആഗോള മലയാളി സമൂഹവുമായി ബന്ധിപ്പിക്കുമെന്ന് ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ മലയാളികള്‍ നിവസിക്കുന്ന വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഘടനയ്ക്ക് പ്രൊവിന്‍സുകള്‍ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രവാസ സമൂഹം വിവിധ തലങ്ങളില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും, അതിനെ അതിജീവിക്കുന്നതില്‍ രാജ്യത്തെ പ്രാവാസികളെ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ ഡബ്‌ള്യു.എം.എഫ് ഗ്ലോബലുമായി ടാന്‍സാനിയ പ്രൊവിന്‍സ് സഹകരിച്ചു പദ്ധതികള്‍ ആവിഴ്ക്കരിക്കുമെന്നു സംഘടനയുടെ പുതിയ പ്രസിഡന്റ് സിനോഷ് സേവ്യര്‍ പ്രതികരിച്ചു. ആഫ്രിക്കയില്‍ ദുരിതം അനുഭവിക്കുന്ന നിരവധി പേര്‍ ഉണ്ട്. അവിടെ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ആ രാജ്യങ്ങളില്‍ തന്നെ കാരുണ്യത്തിന്റെ കരങ്ങള്‍ ഏറെ നല്‍കാനുണ്ട്. ആഭ്യന്തരമായി തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ സംഘടന ശ്രമിക്കുമെന്ന് ചാരിറ്റി കണ്‍വീനര്‍ ഹരികുമാര്‍ നായര്‍ വ്യക്തമാക്കി.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.