അതിര്‍ത്തിയിലെ പട്ടാളക്കാരുടെ പേര് പറഞ്ഞു വോട്ടു പിടിക്കുന്നവര്‍ ഈ വീഡിയോ കണ്ടില്ലേ

ശ്രീനഗര്‍ : നാട്ടില്‍ എന്ത് പ്രശ്നം ഉണ്ടായാലും അതിര്‍ത്തിയിലെ പട്ടാളക്കാരുടെ പേരും പറഞ്ഞ് സിമ്പതി ഉണ്ടാക്കുക ഇപ്പോള്‍ നാട്ടിലുള്ള പലരുടെയും മുഖ്യ പരിപാടിയാണ്. പ്രധാനമന്ത്രിയില്‍ തുടങ്ങി സൂപ്പര്‍സ്റ്റാര്‍ വരെ അങ്ങനെ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ എല്ലാവരുടെയും സൈന്യത്തോടുള്ള സ്നേഹവും ബഹുമാനവും പറച്ചിലില്‍ മാത്രമേ ഉള്ളു എന്നതാണ് സത്യം. അതിനെ ശരിവെക്കുന്ന ഒരു വാര്‍ത്തയാണ് അതിര്‍ത്തിയില്‍ നിന്നും എത്തുന്നത്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയും ഭീകരരോട് പോരാടുകയും ചെയ്യുന്ന നമ്മുടെ സൈനികര്‍ക്ക് വേണ്ട രീതിയില്‍ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് ഞെട്ടിപ്പിക്കുന്ന  ഒരു വീഡിയോ നമുക്ക് കാണിച്ചു തരുന്നത്. പാതി വെന്ത ഒരു പൊറോട്ട, ചായ. കൊടുംശൈത്യത്തിലും രാജ്യ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്ന നമ്മുടെ സൈനികര്‍ക്ക് ലഭിക്കുന്ന ഭക്ഷണമാണിത്. സൈനികര്‍ക്ക് ലഭിക്കുന്നത് നിലവാരം തീരെ ഇല്ലാത്ത ഭക്ഷണമാണെന്നാണ് നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ ടിബി യാദവ് പറയുന്നത്. ഇത് വ്യക്തമാക്കിക്കൊണ്ട് യാദവ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ തരംഗമായിട്ടുണ്ട്. ഏഴ് മില്യണ്‍ പേരാണ് വീഡിയോ കണ്ടത്. യാദവിന്റെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ ആഭ്യന്തര മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉച്ചയ്ക്ക് കിട്ടുന്ന ഡാല്‍ കറിയില്‍ മഞ്ഞളും ഉപ്പും മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഉള്ളിയോ, ജീരകമോ ഒന്നും ചേര്‍ക്കുന്നില്ല. പല രാത്രികളിലും ഭക്ഷണം പോലും കഴിക്കാതെയാണ് ഉറങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. മോശം ഭക്ഷണം കഴിക്കേണ്ടി വരുന്ന തങ്ങളുടെ ഗതികേടിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സൈനികന്‍ കുറ്റപ്പെടുത്തുന്നത്. സൈനികര്‍ക്കുള്ള അവശ്യസാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്ന് സൈനികന്‍ ആരോപിക്കുന്നു.വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും സൈനികന്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ സാധിക്കും. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കണം. എങ്കിലേ സര്‍ക്കാരിന് തങ്ങളുടെ അവസ്ഥ മനസിലാകൂ. ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞാണ് ജവാന്‍ വീഡിയോ സൈന്‍ ഓഫ് ചെയ്യുന്നത്. ജവാന്മാര്‍ക്ക് അനുവദിച്ച റേഷന്‍ പലപ്പോഴും ജവന്മാര്‍ക്ക് ലഭിക്കുന്നില്ലെന്ന് യാദവ് പറയുന്നു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെടണമെന്നും അദ്ദേഹം. ഇക്കാര്യത്തില്‍ ഒരു സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നില്ലെന്നും മാറി വരുന്ന സര്‍ക്കാരുകള്‍ സൈനികര്‍ക്കായി എല്ലാം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അത് മറിച്ചു വില്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.