ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കളെ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി ആശ്വസിപ്പിച്ച് സ്വിസ് മലയാളികള്‍


സൂറിച്ച്/രാമപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ഹലോ ഫ്രണ്ട്സ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ മോന്‍സ് ജോസഫ് എംഎല്‍.എയോടൊപ്പം ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കളെ അദ്ദേഹത്തിന്റെ ഭവനത്തില്‍ സന്ദര്‍ശിച്ചു. യെമനില്‍ നിന്നും പത്തുമാസങ്ങള്‍ക്കുമുന്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്ന ഫാദര്‍ ടോം ഉഴുന്നാലിന്റെ ഭവനത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഡേവിസ് ഉഴുന്നാലിനെയും മറ്റു ബന്ധുക്കളെയുമാന് സ്വിസ് സംഘം സന്ദര്‍ശിച്ചത്.

മോന്‍സ് ജോസഫ് എം.എല്‍.എയോടും സ്ഥലത്തെ ജനപ്രതിനിധികളോടുമൊപ്പം ഹലോ ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് പ്രതിനിധികളായ ടോമി തൊണ്ടാംകുഴി, ജോയി പറമ്പേട്ട്, ടോമി വിരുത്തിയേല്‍ എന്നിവരാണ് വൈദീകന്റെ ഭവനത്തില്‍ എത്തിയത്.

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്സ് ഡിസംബര്‍ അവസാനവാരം ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ പ്രസിഡന്റിനും നിവേദനം നല്‍കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ വഴി ഒപ്പു ശേഖരണം ആരംഭിച്ചിരുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഓണ്‍ലൈന്‍ പെറ്റീഷനാണു ആരംഭിച്ചിരുന്നത്. ഇതിനോടകം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും വൈദീകന്റെ മോചനത്തിനായി നിരവധി പേര്‍ ഇതില്‍ പങ്കാളികളായി.

പ്രവാസലോകത്തുനിന്നും ഫാ. ടോമിന്റെ മോചനത്തിനായി ഹലോ ഫ്രണ്ട്സ് നടത്തുന്ന ഈ ഉദ്യമത്തിനു എല്ലാ പിന്തുണയും നല്‍കുന്നതായി മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. ജില്ലാ പഞ്ചായത്തു മെമ്പര്‍ അനിത, കുറവിലങ്ങാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.സി കുര്യന്‍, മരങ്ങാട്ടുപള്ളി പഞ്ചായത്തു സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍സമ്മ സാബു, മുന്‍ ഉഴവൂര്‍ ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ബേബി ജേക്കബ്, മുന്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റും എഴുത്തുകാരനുമായ ജോണ്‍ കച്ചിറമറ്റം എന്നിവരും സ്വിസ് സംഘത്തെ അനുഗമിച്ചു.