പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനശൈലിയെ വിമര്‍ശിച്ച് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്


ബെംഗളൂരു: പ്രവാസിസംഘടനകള്‍ മേല്‍ക്കൈനേടാന്‍ പരസ്?പരം മല്‍സരിക്കുന്നത് ദോഷം ചെയ്യുമെന്നും പ്രവാസിസമൂഹത്തെ ഭിന്നിപ്പിക്കുന്നതിന് ഇത് ഇടയാക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. ‘വ്യക്തിപരവും സ്വകാര്യവുമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രവര്‍ത്തിക്കുന്നത് പ്രവാസിസമൂഹത്തിന് ഗുണംചെയ്യില്ല, അദ്ദേഹം പറഞ്ഞു.

വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നവരോട് ചിലര്‍ ചോദിക്കുന്നത് നിങ്ങളുടെ ജാതിയായിരിക്കും. ഗ്രാമംവിട്ട് പുറത്തുപോകുന്നവരോട് ഭാഷ ഏതെന്നായിരിക്കും ചോദ്യം. എന്നാല്‍, രാജ്യംവിട്ട് വിദേശത്ത് എത്തുമ്പോഴാണ് നിങ്ങള്‍ ഇന്ത്യക്കാരനാകുന്നത്. ഈ സാഹചര്യത്തിലും വിദേശത്ത് വ്യത്യസ്തതാത്പര്യങ്ങളുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസികള്‍ക്കിടയില്‍ മേല്‍ക്കൈനേടാനുള്ള ശ്രമത്തെ ഗൗരവമായി കാണണം’ പ്രവാസി ഭാരതീയദിവസില്‍ പ്രവാസിസംഘടനകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ വി.കെ. സിങ് പറഞ്ഞു.

ഒരേലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പ്രവാസികള്‍ക്കിടയില്‍ 5000 സംഘടനകളുണ്ടെങ്കിലും പ്രശ്നമില്ല. സമൂഹത്തിന്റെ ക്ഷേമമായിരിക്കണം സംഘടനകളുടെ ലക്ഷ്യം. സംഘടനകള്‍ തമ്മില്‍ രാഷ്ട്രീയംകളിക്കുന്നത് ക്ഷേമപ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുകയെന്നും വി.കെ. സിങ് പറഞ്ഞു.

പ്രവാസികള്‍ ജോലിചെയ്യുന്ന രാജ്യവും സ്വന്തം രാജ്യവുമായി നല്ലബന്ധമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. പ്രവാസികള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ എല്ലാവരുടെയും സഹകരണത്തോടെ അതിന് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണം. ഓരോ പ്രവാസിയും അവര്‍ താമസിക്കുന്ന രാജ്യത്തെ നിയമമനുസരിച്ച് ജീവിക്കണം. ചില പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം ആശാവഹമല്ലെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.