സീല്‍ പൊട്ടാത്ത പുത്തന്‍ നോട്ടുകള്‍ ഹോം ഡെലിവറിയായി എത്തിച്ചു കൊടുക്കുന്ന സംഘം സജീവം

നോട്ടുനിരോധനം നടപ്പിലയത്തിനു ശേഷം രാജ്യത്ത് നടന്ന ആദായനികുതി വകുപ്പിന്‍റെ എല്ലാ റെയിഡുകളിലും സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ രണ്ടായിരം രൂപ നോട്ട് വ്യാപകമായി പിടികൂടിയിരുന്നു. സാധാരണക്കാര്‍ പണം മാറ്റിയെടുക്കാന്‍ ബാങ്കുകളുടെ മുന്‍പില്‍ രാവും പകലും ക്യൂ നിന്ന സമയം പണക്കാര്‍ സ്വന്തം വീടുകളില്‍ ഇരുന്നുകൊണ്ട് സീല്‍ പോലും പൊട്ടാതെ ലക്ഷങ്ങള്‍ ആണ് സ്വന്തമാക്കിയത്. ഇത്തരത്തില്‍ തങ്ങളുടെ കള്ളപ്പണം സര്‍ക്കാരോ ബാങ്കുകളോ അറിയാതെ മാറ്റിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇതിനു ഇടനിലക്കാരായി ഒരു വന്‍ സംഘം തന്നെ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നു എന്നാണു ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രസ്സുകളില്‍നിന്നും റിസര്‍വ്വ് ബാങ്കില്‍നിന്നും പുതിയ നോട്ടുകള്‍ ‘ഹോം ഡലിവറി’യായി എത്തിച്ചുകൊടുക്കുന്നതിന് ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്. നോട്ട് പിന്‍വലിക്കല്‍ നടപടിക്ക് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഇരുപത് ലക്ഷത്തിന്റെ പുതിയ 2000 രൂപാ നോട്ടുകളുമായി ഡല്‍ഹിയില്‍നിന്ന് കൃഷ്ണ കുമാര്‍ എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്ന് പിടിച്ചെടുത്ത നോട്ടുകെട്ടുകള്‍ മഹാരാഷ്ട്രയിലെയും പശ്ചിമബംഗളിലെയും കറന്‍സി പ്രസുകളില്‍നിന്ന് പാക്ക് ചെയ്തവയും മുദ്ര പൊട്ടിക്കാത്തതുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ ദിശയില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. പിടിയിലായ ആള്‍ വലിയൊരു ശൃംഖലയിലെ ഒരു കണ്ണി മാത്രമാകാനാണ് സാധ്യതയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കൈമാറാത്ത നോട്ട് എങ്ങനെ ആളുകളിലെത്തി എന്നതാണ് അന്വേഷിക്കുന്നത്‌. നോട്ട് പിന്‍വലിക്കലിനു ശേഷം പുതിയ നോട്ടുകള്‍ അനധികൃതമായി മാറ്റിനല്‍കിയ ചില റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പിടിയിലായിരുന്നു. നിരവധി ബാങ്ക് ജീവനക്കാരും പിടിയിലായിരുന്നു. റിസര്‍വ്വ് ബാങ്കില്‍നിന്ന് ബാങ്കുകളിലേയ്ക്കും എടിഎമ്മുകളിലേയ്ക്കും നോട്ടുകള്‍ എത്തിക്കുന്നത് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.