300 ലേറെ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുവാന്‍ തയ്യാറാകുന്നു എന്ന് വാര്‍ത്തകള്‍
ന്യൂഡൽഹി : രാജ്യത്തിനു ഭീഷണിയായി 300ലേറെ ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുവാന്‍ തയ്യാറാകുന്നു എന്ന് വാര്‍ത്തകള്‍. ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കിന് ശേഷം പാക്കിസ്ഥാനില്‍ തിരിച്ചടിക്കായി തീവ്രവാദ കേന്ദ്രങ്ങൾ സജീവമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്താനിലെ ഇത്തരത്തിലുള്ള 12 കേന്ദ്രങ്ങൾ ഇന്റലിജൻസ് ഏജൻസികൾ തിരിച്ചറിഞ്ഞു. റോക്കറ്റ്- മിസൈൽ ആക്രമണങ്ങൾക്കായി ഒരുക്കിയ വിക്ഷേപണ തറകൾ ഉൾപെടുന്ന ക്യാമ്പുകളാണിവ. ഇന്ത്യയിൽ നുഴഞ്ഞുകയറാൻ തയ്യാറായ 300 ഭീകരർ ഈ കേന്ദ്രങ്ങളിലുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നുഴഞ്ഞുകയറ്റം സാധ്യമാകുന്ന ഇന്ത്യൻ അതിർത്തി പ്രദേശങ്ങളും സംഘം നിരീക്ഷിക്കുന്നു. അതേസമയം സർജിക്കൽ ആക്രമണത്തിന് ശേഷം അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കൂടാതെ താഴ്വരയിൽ കനത്ത മഞ്ഞ് വീഴ്ച തുടങ്ങിയതും നുഴഞ്ഞുകയറ്റം കുറക്കുന്നതിന് കാരണമായതായും ഒരു സൈനികൻ വ്യക്തമാക്കി. ദേശീയ മാധ്യമമായ ഡി.എൻ.എയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.