തെളിവെടുപ്പ് മുടക്കാന്‍ വിദ്യാര്‍ത്ഥിനികളെ ബന്ദിയാക്കി ; മറ്റക്കര ടോംസ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു

കോട്ടയം : മറ്റക്കരയിലെ ടോംസ് എഞ്ചിനീയറിങ് കോളേജില്‍ സംഘര്‍ഷം. കോളേജിനെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ തെളിവെടുപ്പില്‍ പങ്കെടുക്കാതിരിക്കാന്‍ പെണ്‍കുട്ടികളെ മാനേജ്‌മെന്റ് ഇന്നലെ രാത്രി മുതല്‍ ബന്ദിയാക്കുകയായിരുന്നു. മാനേജ്‌മെന്റിന്റെ പീഡനം പുറംലോകം അറിയാതിരിക്കാനായിരുന്നു നീക്കം. എന്നാല്‍ സംഭവം അറിഞ്ഞതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും കോളേജ് അടിച്ചു തകര്‍ത്ത് വിദ്യാര്‍ത്ഥിനികളെ ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. സാങ്കേതിക സര്‍വകലാശാല പ്രൊവിസിയുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ അറുപതോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രാര്‍ കോളേജിലെത്തിയത്.
ഇന്ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. മറ്റക്കര എഞ്ചിനീയറിങ് കോളേജിനെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് സംഘടിപ്പിച്ചിരുന്നു. ഈ തെളിവെടുപ്പില്‍ കോളേജിനെതിരെ സംസാരിക്കാതിരിക്കാനാണ് ടോംസ് കോളേജ് അധികൃതര്‍ പെണ്‍കുട്ടികളെ പൂട്ടിയിട്ടത്. സംഭവം അറിഞ്ഞതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേയ്ക്ക് ഇരച്ചു കയറി. മൂന്നാംവര്‍ഷക്കാരായ മുപ്പതോളം പെണ്‍കുട്ടികളെയാണ് ഹാളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ മോചിപ്പിക്കുന്നതിനിടിയില്‍ പൊലീസ് ഇടപെടുകയായിരുന്നു. തുടര്‍ന്നു നടന്ന ലാത്തിച്ചാര്‍ജില്‍ പത്തോളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിറ്റുണ്ട്പാതിരാത്രി ചെയര്‍മാന്‍ ഹോസ്റ്റലിലെത്തുന്നതടക്കമുള്ള പരാതികളാണ് പെണ്‍കുട്ടികളുടേത്. രാവിലെ എബിവിപിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. അവര്‍ കോളേജിന് ജനല്‍ച്ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് കോളേജ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് പോലീസ് സമരക്കാരെ പിരിച്ചുവിടുകയായിരുന്നു. ഇതിനു ശേഷമാണ് എസ്.എഫ്.ഐ കോട്ടയം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമെത്തിയത്. അവര്‍ പൊലീസ് വലയം ഭേദിക്കുകയും കോമ്പൗണ്ടിനകത്തു കയറി കോളേജ് പൂര്‍ണമായി അടിച്ചു തകര്‍ക്കുകയും ചെയ്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോമ്പൗണ്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ടോംസ് ഷട്ടറിട്ടാണ് ക്ലാസ് റൂം പൂട്ടിയിരുന്നത്. ജനലിലൂടെ കടന്നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അകത്തു കയറിയത്. അതേസമയം മറ്റക്കര ടോംസ് കോളേജുമായി യാതൊരു ബന്ധവുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണം തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാമെന്നും അദ്ദേഹം പറഞ്ഞു. മറ്റക്കര ടോംസ് കോളേജിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സ്ഥാപനവുമായി ഉമ്മന്‍ചാണ്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐ ഉന്നയിച്ചിരുന്നു.