മോദിയുടെ മുന്‍പില്‍ മഹാത്മാ ഗാന്ധിയൊക്കെ എന്ത് ; ഗാന്ധിജിയെ പുറത്താക്കി സര്‍ക്കാര്‍ കലണ്ടറിലും ഡയറിയിലും മോദിമയം
ന്യൂഡല്‍ഹി : അല്ലെങ്കില്‍ത്തന്നെ ആരാണ് മഹാത്മാ ഗാന്ധി ? സ്കൂളില്‍ പോയിട്ടുള്ളവര്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ട് കാണില്ല . ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നാകും ഉത്തരം. എന്തിനാണ് ഗാന്ധിയെ രാഷ്ട്രപിതാവ് ആക്കിയത് എന്ന് കേട്ടാല്‍ ,അത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ ഗാന്ധി വഹിച്ച മുഖ്യ പങ്കും.കൂടാതെ ലോകം തന്നെ ആദരിച്ച ആ വ്യക്തിത്വവുമെല്ലാം കാരണമായി പറയാം. അതുകൊണ്ടുതന്നെയാണ് ഇന്ത്യയുടെ നോട്ടിലും , സര്‍ക്കാര്‍ രേഖകളിലും എല്ലാം ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത്.എന്നാല്‍ ഇപ്പോള്‍ കഥകള്‍ മാറിവരികയാണ്. ഗാന്ധിജിയെക്കാള്‍ മഹാന്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. മഹാത്മാഗാന്ധിക്ക് ഉള്ളതിനേക്കാള്‍ ആരാധകര്‍ അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ ഇനി നമുക്ക് ഗാന്ധിജിയുടെ ആവശ്യം ഇല്ലാ എന്ന് അദ്ദേഹവും അദ്ധേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയും അതിലെ അണികളും തീരുമാനിച്ചാല്‍ പാവം ജനങ്ങള്‍ക്ക് മറുപടി ഒന്നും പറയാന്‍ പറ്റില്ല.ഇനി ആരേലും അങ്ങനെ പറഞ്ഞു പോയാല്‍ പറഞ്ഞ ആളിന്റെ ജാതിയും മതവും നോക്കി പാക്കിസ്ഥാനിലെയ്ക്കോ , ഇറ്റലിയിലെക്കോ നാടുകടത്താന്‍ റെഡിയായി ചില മുതിര്‍ന്ന നേതാക്കന്മാര്‍ വിസയുമായി റെഡിയായി നില്‍പ്പാണ്. ബി ജെ പി അധികാരത്തില്‍ കയറിയത് മുതല്‍ മൊത്തത്തില്‍ ഒരു മോദിവത്ക്കരണം നമ്മുടെ നാട്ടില്‍ നടന്നുവരികയാണ്. ഇതിനു മുന്‍പ് ഇന്ത്യ ഭരിചിരുന്നവര്‍ നടത്തിയ പല വികസനങ്ങളുടെയും ക്രെഡിറ്റ് മോദിയും കൂട്ടരും അടിച്ചുമാറ്റുന്നു എന്ന ആരോപണം നിലനില്‍ക്കെ ഇപ്പോളിതാ കേന്ദ്രസര്‍ക്കാരിന്റെ വിവിധവകുപ്പുകളിലെ കലണ്ടര്‍- ഡയറകളില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു പകരം മോദിയുടെ ചിത്രങ്ങള്‍ . കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ 2017 ലെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ നിറച്ചു പ്രസിദ്ധീകരിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള മറ്റുവകുപ്പുകളുടെ കലണ്ടറുകളും ഡയറികളും അത്തരത്തില്‍ത്തന്നെ പുറത്തിറക്കുന്നു. ഇപ്പോളിതാ പുതുതായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്‍ കലണ്ടറും ഡയറിയും മോദിയുടെ ചിത്രങ്ങള്‍ നിറച്ചു പുറത്തിറക്കിയതാണ് വാര്‍ത്തയായിട്ടുള്ളത്. കഴിഞ്ഞവര്‍ഷംവരെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരമായാണ് ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. മഹാത്മ ഗാന്ധിക്കു പകരം ചര്‍ക്കയില്‍ മോദി നൂല്‍നൂക്കുന്ന ചിത്രമാണുള്ളത്. വിഷയത്തില്‍ പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങി കഴിഞ്ഞു.