മലയാള സിനിമയ്ക്ക് ആശ്വാസമായി ; തിയറ്റര്‍ സമരം പിന്‍വലിച്ചു
കൊച്ചി : മലയാള ചലച്ചിത്ര മേഖലയെ വിവാദങ്ങളില്‍ കൊണ്ട് ചാടിച്ച ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തി വന്നിരുന്ന തിയറ്റർ സമരം പിൻവലിച്ചു. പ്രസിഡൻറ് ലിബർട്ടി ബഷീറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രശ്നത്തിൽ ഇടപെടാമെന്ന് സർക്കാർ ഉറപ്പ് നൽകിയ പശ്ചാത്തലത്തിലാണ് സമരം പിൻവലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും പ്രശ്നത്തിൽ ഇടപെടാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് 26ന് ചർച്ച നടത്തുമെന്ന് ബഷീർ അറിയിച്ചു. ശനിയാഴ്ച ദിലീപിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം തിയറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിക്കാനിരിക്കേയാണ് എക്സിബിറ്റേഴ്സ് ഫെഡറേഷെൻറ നടപടി. തമിഴ് ചിത്രം ‘ഭൈരവ’ സംസ്ഥാനത്തെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്തതോടെ തന്നെ എക്സിബിറ്റേഴസ് ഫെഡറേഷൻ പ്രതിസന്ധിയിലായിരുന്നുവെന്ന് സൂചനയുണ്ട്. ഇൗയൊരു സാഹചര്യത്തിലാണ് പുതിയ സംഘടനെയെ കുറിച്ചുള്ള വാർത്തകൾ കൂടി പുറത്ത് വന്നത്. ഇതേ തുടർന്നാണ് സമരം പിൻവലിക്കാൻ തിയറ്റർ ഉടമകൾ നിർബന്ധിതരായത്. ജനുവരി 10ന് നടന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സമരം തുടരുന്ന തിയറ്റർ ഉടമകൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ വിമർശനം നടത്തിയിരുന്നു. സമരം തീർന്നെങ്കിലും പുതിയ സിനിമകൾ ഇന്ന് തന്നെ തിയറ്റർ എത്തില്ലെന്നാണ് സൂചന. പുതിയ സിനിമകളുടെ റിലീസിങ്ങിന് വിതരണക്കാരുടെ നിർമാതാക്കളുടെയും കൂടി തീരുമാനമുണ്ടാകണം. തിയേറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം ആവശ്യപ്പെട്ടാണ് എ ക്ലാസ് തിയേറ്റര്‍ ഉടമകള്‍ ക്രിസ്മസ് സീസണില്‍ സമരം ആരംഭിച്ചത്. എന്നാല്‍, നിലവിലെ 60:40 അനുപാതത്തില്‍ ഒരു കാരണവശാലും മാറ്റം അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു വിതരണക്കാരും നിര്‍മാതാക്കളും. മന്ത്രി എ.കെ.ബാലന്‍ ഇടപെട്ടിട്ടും ഇരുകൂട്ടുരം അയഞ്ഞില്ല. ഒടുവില്‍ മുഖ്യമന്ത്രി തന്നെ സര്‍ക്കാരിന്റെ കര്‍ക്കശ നിലപാട് അറിയിച്ച് രംഗത്ത് വരികയായിരുന്നു.