വേള്‍ഡ് മലയാളി ഫെഡറേഷന്‍ കെനിയയില്‍ പ്രൊവിന്‍സ് ആരംഭിച്ചു


നെയ്‌റോബി: ലോക മലയാളികളുടെ മനസുകള്‍ കീഴടക്കി ആഫ്രിക്കന്‍ വന്‍കരയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പടയോട്ടം തുടരുന്നു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കേന്ദ്രസ്ഥാനത്ത് വിരാജിക്കുന്ന കെനിയയില്‍ സംഘടനയ്ക്കു പുതിയ പ്രൊവിന്‍സ് നിലവില്‍ വന്നു. രാജ്യത്തെ വിവിധ കര്‍മ്മ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് വര്‍ഷങ്ങളായി കെനിയയില്‍ ജീവിക്കുന്ന പ്രതിഭാധനരായ വ്യക്തികളെ ഉള്‍പ്പെടുത്തി ഡബ്‌ള്യു.എം.എഫ് വിവിധ കമ്മിറ്റികളാണ് രാജ്യത്ത് രൂപീകരിച്ചത്.

നെയ്‌റോബിയില്‍ നടന്ന ആദ്യ ഔപചാരിക യോഗത്തില്‍ സംഘടനയുടെ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. കേരള അസോസിയേഷന്‍ മുന്‍ ചെയര്‍മാന്‍ ബാബു ഓഡോളില്‍ അധ്യക്ഷനായ യോഗത്തില്‍ കെനിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ രക്ഷാധികാരിയായി ഫാ. സണ്ണി വെട്ടിക്കലിനെ തിരഞ്ഞെടുത്തു.


ആഗോള മലയാളി സമൂഹവുമായി ശ്കതമായ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനോടൊപ്പം സേവന സന്നദ്ധരായ, സഹജീവികളുടെ വേദനകളില്‍ സഹായഹസ്തം നല്‍കാന്‍ പരിശ്രമിക്കുന്ന ഒരു പറ്റം നിസ്വാര്‍ഥരുടെ കൂട്ടായ്മയായി സംഘടന കെനിയയില്‍ പടര്‍ന്നു പന്തലിക്കുമെന്ന് ഫാ. സണ്ണി വെട്ടിക്കല്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ജി.പി രാജ്‌മോഹന്‍ (പ്രസിഡണ്ട്), ആഷ്‌ലി ജേക്കബ് (സെക്രട്ടറി), മണി കുന്നുമ്മല്‍ (വൈസ് പ്രസിഡണ്ട്), അജിത് കുമാര്‍ വി.പി (ജോയിന്റ് സെക്രട്ടറി), സുരേഷ് ഓച്ചിറ (ചാരിറ്റി കണ്‍വീനര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി യോഗം തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബാബു ഓഡോളില്‍, ഡോ. റാഫി പോള്‍, നിഷാദ് രാമകൃഷ്ണന്‍, പ്രദീപ് സി.കെ, സനില്‍ ജോസഫ്, ത്വയ്യിബ് എന്നിവരെയും നിയമിച്ചു.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.