മെക്‌സിക്കൊ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിക്ക് ഡബ്ല്യു.എം.എഫ് തുണയായി

കിങ്സ്റ്റണ്‍: മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളിയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തില്‍ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമല്‍ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയില്‍ നിന്നും യാത്ര ആരംഭിക്കുകയും മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ കുടുങ്ങുകയുമായിരുന്നു.

ബോംബെ-ആംസ്റ്റര്‍ഡാം -മെക്‌സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്. ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റര്‍ഡാമില്‍ എത്തിയപ്പോള്‍ മോശം കാലാവസ്ഥ മൂലം മെക്‌സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തില്‍ കയറ്റി വിടുകയും ചെയ്തു. എന്നാല്‍ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്‌സിക്കോയില്‍ നിന്ന് പുറപ്പെടുന്ന അടുത്ത 2 വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു.

മെക്‌സിക്കോ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന അമലിനെ തുടര്‍ന്ന് മെക്‌സിക്കോ വിമാനത്താവളധികൃതര്‍ തടഞ്ഞു വെയ്ക്കുകായിരുന്നു. അതേസമയം അമല്‍ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന് കൃത്യമായ ഭക്ഷണവും വെള്ളവും ഉറങ്ങാന്‍ സ്ഥലവും ലഭ്യമാക്കാനോ തുടര്‍യാത്രയ്ക്കു വേണ്ട സഹചാരം ഒരുക്കാനോ അധികൃതര്‍ തയ്യാറായില്ല.

വിമാനത്താവളത്തില്‍ പ്രതിസന്ധിയിലായ അമല്‍ ജമൈക്കയിലുള്ള സഹോദരിയായ അമ്പിളിയെ വിവരം അറിയിക്കുകയും, അമ്പിളി വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പളളിക്കുന്നേലിനെ വിവരമറിയിക്കുകമായിരുന്നു.

തുടര്‍ന്ന് അദ്ദേഹം സംഘടനയുടെ ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി നിസാറിനെയും മെക്‌സിക്കോ കോഡിനേറ്റര്‍ അര്‍ച്ചനയെയും, ഡോ. ജോസഫ് തോമസിനെയും, ഹെയ്തി കോഓര്‍ഡിനേറ്റര്‍ ജോറോമിനെയും വിവരങ്ങള്‍ അറിയിക്കുകയും അമലിനു വേണ്ട സഹായങ്ങള്‍ എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സംഘടനയുടെ പ്രതിനിധികള്‍ മെക്‌സിക്കോ ഇന്‍ഡ്യന്‍ എമ്പസിയുമായി നിരന്തരം ബന്ധപ്പെടുകയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ മെക്‌സിക്കോ എയര്‍പോര്‍ട്ടിലേക്ക് ഒരു സംഘം ആളുകളെ അയക്കുകയും അമലിന് വേണ്ട ഭക്ഷണവും വെള്ളവും ലഭ്യമാകുകയും ചെയ്തു. വിമാനതാവള അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ അമലിന് ഒരുദിവസം കൂടി മെക്‌സികോ എയര്‍പോര്‍ട്ടില്‍ നില്‍ക്കാനുള്ള അനുമതി ലഭിച്ചു.

തുടര്‍ന്ന് പനാമ വഴി ജമൈക്കയിലേക്കുള്ള ടിക്കറ്റ് എംബസി അധികൃതര്‍ക് അയച്ചു കൊടുക്കുകയും അമലിനു മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലത്തെ ജമൈക്കയില്‍ എത്തിചേരാനും സാധിച്ചു- പ്രതിസന്ധി ഘട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഡബ്ല്യു.എം.എഫിന് അമലും കുടുംബവും നന്ദി അറിയിച്ചു.