ഒരാഴ്ചകൊണ്ട് അഫ്ഗാനെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ എനിക്കാവും: ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം അര്‍ഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇമ്രാന്‍ ഖാനുമായി ഓവല്‍ ഓഫീസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് ട്രംപിന്റെ അഭിപ്രായപ്രകടനം അഫ്ഗാനിസ്ഥാന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

‘ഭൂമിയില്‍ നിന്ന് തന്നെ അഫ്ഗാനിസ്ഥാനെ തുടച്ച് നീക്കാനാകും, പക്ഷെ ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്’ ട്രംപ് പറഞ്ഞു. 1990കളില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കിയപ്പോള്‍ പാക്കിസ്ഥാനായിരുന്നു ഭീകരസംഘടനയ്ക്ക് ചെല്ലും ചെലവും കൊടുത്തത്. . 2001-ല്‍ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാല്‍ ആക്രമണം നടത്തി താലിബാനെ തകര്‍ക്കുന്നതുവരെ പാക് സഹായം തുടര്‍ന്നു. ആഴ്ചകളായി അഫ്ഗാനില്‍ സമാധാനത്തിന് ശ്രമം നടത്തുകയാണെന്നും പാക്കിസ്ഥാന്‍ ഇതിനെ സഹായിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

‘അമേരിക്കയ്ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. പാക്കിസ്ഥാന് നിങ്ങളുടെ നേതൃത്വത്തിന്‍ കീഴില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അഫ്ഗാനുമായി ഒരു യുദ്ധമാണ് വേണ്ടതെങ്കില്‍ വെറും ഒരാഴ്ച കൊണ്ട് എനിക്ക് ആ യുദ്ധം വിജയിക്കാനാവും. ഒരു കോടി ജനങ്ങളുടെ ജീവന്‍ കളയേണ്ടെന്ന് കരുതി മാത്രമാണത്,’ ട്രംപ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനു നല്‍കുന്ന 300 മില്യണ്‍ ഡോളറിന്റെ സുരക്ഷാസഹായം യുഎസ് അവസാനിപ്പിച്ചിരുന്നു. പാക്കിസ്ഥാനോടുള്ള കടുത്ത നയം ട്രംപ് അവസാനിപ്പിക്കുന്നതിന്റെ സൂചനയായാണ് പ്രസിഡന്റിന്റെ വാക്കുകള്‍ വിലയിരുത്തപ്പെടുന്നത്. താലിബാനുമായുള്ള 18 വര്‍ഷം നീണ്ട പോരാട്ടത്തിലെ യുഎസിന്റെ നയംമാറ്റവും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.