ഭാരതത്തിന്റെ പൗരത്വ നിയമങ്ങളില്‍ ഭേദഗതി: അറിയേണ്ട ചില കാര്യങ്ങള്‍
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, 2009ലെ പൗരത്വ നിയമങ്ങളുടെ അടിസ്ഥാനത്തിന്‍ ഇന്ത്യന്‍ പൗരത്വം തേടുന്ന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ ഇനി മുതല്‍ സ്വന്തം രാജ്യത്ത് നിന്നുള്ള തങ്ങളുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടിവരും. തങ്ങളുടെ നാട്ടില്‍ നിന്ന് ലഭിച്ച സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ടുകള്‍ കൈവശമുണ്ടോ എന്ന് വെളിപ്പെടുത്തുകയും അപേക്ഷകന്റെ കൈവശം നിലവില്‍ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍, പാസ്പോര്‍ട്ട് നമ്പര്‍, പാസ്പോര്‍ട്ട് ലഭിച്ച തീയതിയും സ്ഥലവും, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം.
കൂടാതെ, പൗരത്വ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുള്ളില്‍ സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്പോര്‍ട്ട് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിന് മുമ്പാകെ സമര്‍പ്പിക്കുമെന്ന് സത്യപ്രസ്താവനയും നല്‍കണം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമങ്ങളിലെ ‘ഷെഡ്യൂള്‍ ഐസി’-ക്ക് ശേഷമാണ് പുതിയ ഭേദഗതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2014 ഡിസംബര്‍ 31-ന് മുന്‍പ് ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് (ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍) ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനായി 2019-ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നേരത്തെ നിലവില്‍ വന്നിരുന്നു.





