അറ്റ്‌ലാന്റയില്‍ വിവാഹ ദിനം ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി വരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

അറ്റ്‌ലാന്റ: ജോര്‍ജിയയിലുള്ള ഡോസണ്‍ കൗണ്ടിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അറ്റ്‌ലാന്റ സ്വദേശികളായ ഫിജി – ഫേബ ദമ്പതികളുടെ മകനും ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റുമായ ഡേവ് ഫിജി, ഹെലികോപ്റ്ററിന്റെ പൈലറ്റ് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് അംഗങ്ങളാണ് അപകടത്തില്‍പ്പെട്ട കുടുംബം. പരേതനായ പാസ്റ്റര്‍ ദെസ്‌തോസ് ചെറിയാന്റെ മകന്റെ ഭാര്യയുടെ അനിയത്തിയുടെ മകനാണ് മരണപ്പെട്ട ഡേവ് ഫിജി.

മെയ് 29 വെള്ളിയാഴ്ച രാത്രി 10:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇന്നലെ (മെയ് 29) ആയിരുന്നു ഡേവിന്റെയും, ജെസ്നിയുടെയും വിവാഹം. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം വധൂവരന്മാര്‍ സഞ്ചരിച്ച റോബിന്‍സണ്‍ R66 (Robinson R66) ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഡേവ് അല്ലായിരുന്നു ഹെലികോപ്റ്റര്‍ നിയന്ത്രിച്ചിരുന്നത് എന്ന് വിവരങ്ങള്‍ ഉണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ വരന്‍ ഡേവും ഹെലികോപ്റ്റര്‍ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ വധു ജെസ്നി നിലവില്‍ ചികിത്സയിലാണ്.

അപകടവിവരമറിഞ്ഞ് ഡോസണ്‍ കൗണ്ടി ഷെരീഫ് ഓഫീസ്, ഫയര്‍ ആന്‍ഡ് ഇഎംഎസ് (EMS) യൂണിറ്റുകള്‍ എന്നിവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (NTSB) അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹദിനത്തില്‍ തന്നെ സംഭവിച്ച ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് അറ്റ്‌ലാന്റയിലെ മലയാളി സമൂഹവും ബന്ധുക്കളും.

വാര്‍ത്ത: സാം മാത്യു, ഡാളസ്