നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര നടത്തിയ ‘സൈക്കോ കൊലയാളി’ പിടിയില്‍

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബലോഡബസാര്‍ ജില്ലയിലെ ഖര്‍വെ ഗ്രാമത്തെ ഞെട്ടിച്ച ദുരൂഹമരണങ്ങള്‍ക്കൊടുവില്‍ പൊലീസ് നിര്‍ണായകമായ വഴിത്തിരിവ് കണ്ടെത്തി. നാല് മാസത്തിനിടെ എട്ട് പേരെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഗ്രാമത്തിലെ ഒരു കടയുടമയായ രാം സഹായ് ജയ്‌സ്വാള്‍ (46) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പ്രതി കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പൊലീസിന്റെ കണ്ടെത്തലനുസരിച്ച്, മദ്യത്തില്‍ ബോറാക്‌സ് പൗഡര്‍ കലര്‍ത്തിയാണ് പ്രതി ഇരകളെ കൊലപ്പെടുത്തിയത്. പഴയ വൈരാഗ്യങ്ങള്‍, ചെറിയ തര്‍ക്കങ്ങള്‍, അന്ധവിശ്വാസം എന്നിവയാണ് ഈ ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിലെ പ്രേരണകളെന്ന് അധികൃതര്‍ പറയുന്നു. കേസിന്റെ ഭീകരത കണക്കിലെടുത്ത് പ്രതിയെ പൊലീസ് ‘സൈക്കോ കൊലയാളി’ എന്നാണ് വിശേഷിപ്പിച്ചത്.

ഗ്രാമത്തില്‍ തുടര്‍ച്ചയായി ഉണ്ടായ മരണങ്ങളില്‍ സംശയം തോന്നിയ ബന്ധുക്കളും നാട്ടുകാരും പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് കേസിന് തുടക്കമായത്. തുടക്കത്തില്‍ പല മരണങ്ങളും സ്വാഭാവികമാണെന്ന് കരുതിയിരുന്നു. എന്നാല്‍, മരിച്ചവരില്‍ പലര്‍ക്കും അവസാന ദിവസങ്ങളില്‍ പ്രതിയുമായി ബന്ധമുണ്ടായിരുന്നുവെന്ന കണ്ടെത്തല്‍ അന്വേഷണം ശക്തമാക്കി.

തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മെയ് മാസത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധന നടത്തി. അതിന് ശേഷം മറ്റ് മൃതദേഹങ്ങളും പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. എന്നാല്‍, ഒരു ഇരയുടെ മൃതദേഹം നേരത്തെ സംസ്‌കരിച്ചതിനാല്‍ പരിശോധിക്കാനായില്ല.

എലികളെ കൊല്ലാനാണെന്ന് പറഞ്ഞാണ് പ്രതി ബോറാക്‌സ് പൗഡര്‍ വാങ്ങിയത്. ആദ്യം അത് ഒരു മൃഗത്തില്‍ പരീക്ഷിച്ച ശേഷമാണ് മനുഷ്യരില്‍ ഉപയോഗിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. കൂടാതെ, കുറ്റകൃത്യത്തിന് ശേഷം സംശയം ഒഴിവാക്കാനായി ഇരകളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുകയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.

ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതി, ശക്തമായ തെളിവുകള്‍ നേരിട്ടതോടെ കൊലപാതകങ്ങള്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതിക്കെതിരെ എട്ട് കൊലക്കേസുകളും ഒരു വധശ്രമക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.